ചാവക്കാട്: രണ്ടുനേരം കുളിക്കുകയും അതിനുള്ള സൗകര്യം വീട്ടിൽ ഒരുക്കുകയും ചെയ്യുന്ന മലയാളിയോട് മാലിന്യത്തെക്കുറിച്ച് സംസാരിക്കാൻ പാടില്ലാത്തതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. മാലിന്യസംസ്കരണത്തിന്റെ ശാല എവിടെ തുടങ്ങാനും സമ്മതിക്കാത്തവരാണ് നമ്മളിൽ പലരും .
പിന്നെ മാലിന്യം എന്ത് ചെയ്യും. അതിന് ഉത്തരമില്ല. സ്പീക്കർ പറഞ്ഞു. ചാവക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി സിൻഡിക്കേറ്റ് ഗ്രൂപ്പ് ഓഫ് കന്പനീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന ധനസഹായത്തിന്റെ ഒന്നാംഘട്ടം പത്തുലക്ഷം രൂപ ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസി ഗ്രൂപ്പ് ചെയർമാൻ കെ.വി. മോഹനൻ അധ്യക്ഷനായിരുന്നു. നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ആഷിത, പി.കെ. ബഷീർ, കൗണ്‍സിലർ എ.എച്ച്. അക്ബർ, പ്രവാസി എംഡി കെ.ജി. ശേഖരൻ, കെ.കെ. രാമകൃഷ്ണൻ, കെ.സി. രാജു, പി.കെ. ജയദേവൻ എന്നിവർ പ്രസംഗിച്ചു.
പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തകരായ മത്സ്യത്തൊഴിലാളികളെ ചടങ്ങിൽ ആദരിച്ചു.