കോൽക്കത്ത: മനുഷ്യരുടെ മുറിച്ചുണ്ട്, ചെവിയിലെ ന്യൂനത തുടങ്ങിയവ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയകൾക്ക് ആടിന്റെ ചെവിയിലെ തരുണാസ്ഥി മനുഷ്യരിൽ ഉപയോഗിക്കാമെന്ന് പശ്ചിമബംഗാൾ മെഡിക്കൽ കോളജിലെ ഡോക്ടർമാർ.
ആടിന്റെ തരുണാസ്ഥി 25 രോഗികളിൽ വച്ചുപിടിപ്പിച്ചതായും സർക്കാർ ഉടമസ്ഥതയിലുള്ള ആർജി കർ മെഡിക്കൽ കോളജും പശ്ചിമബംഗാൾ മൃഗ-ഫിഷറീസ് സയൻസ് യൂണിവേഴ്സിറ്റിയും അവകാശപ്പെട്ടു.
മുറിച്ചുണ്ട്, ചെവിയിലെ ന്യൂനത, അപകടങ്ങൾ മൂലമുണ്ടാകുന്ന ന്യൂനതകൾ എന്നിവയ്ക്കുള്ള ശസ്ത്രക്രിയകളിൽ ആടിന്റെ തരുണാസ്ഥി ഉപയോഗിക്കാം.
ഇത്തരത്തിലുള്ള ശസ്ത്രക്രിയയ്ക്കു ചെലവ് വളരെക്കുറവാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.ചെവിക്കുടയില്ലാതെ അല്ലെങ്കിൽ ന്യൂനതയോടെ ജനിക്കുന്നവർക്ക് ആടിന്റെ തരുണാസ്ഥി ഉപയോഗിച്ച് ചെവിക്കുട വച്ചുപിടിപ്പിക്കാൻ സാധിക്കും.
പ്ലാസ്റ്റിക് സർജറിയിലൂടെ ന്യൂനതകൾ പരിഹരിക്കാമെങ്കിലും ഇതിനു വളരെയധികം പണച്ചെലവും ഫലപ്രാപ്തി കുറവുമാണെന്നും ആർജി കർ മെഡിക്കൽ കോളജിലെ പ്രഫസർ ഡോ. രൂപ നാരായൺ ഭട്ടാചാര്യ പറഞ്ഞു.
ഇത്തരം ശസ്ത്രക്രിയകൾക്ക് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, സിലിക്കൺ പദാർഥങ്ങൾക്കു പകരമായി മനുഷ്യശരീരത്തിന് യോജിച്ച വസ്തുവിനായി 2013 മുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് വെറ്റിനറി സർജൻ ഡോ. ഷമിത് നന്തിയും മൈക്രോബയോളജിസ്റ്റ് ഡോ. സിദ്ധാർഥ് ജോർധാറും പറഞ്ഞു.
ആടിന്റെ ചെവിയിൽനിന്ന് എടുക്കുന്ന തരുണാസ്ഥി നിരവധി രാസപ്രവർത്തനങ്ങൾക്കു ശേഷമാണ് ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്നത്.
മൃഗങ്ങളിൽ നിരവധി പരീക്ഷണം നടത്തിയശേഷമാണു മുനുഷ്യരിൽ ഉപയോഗിച്ചതെന്നും ആർജി കർ ആശുപത്രി അധികൃതർ അറിയിച്ചു.
രോഗികളുടെ സമ്മതപ്രകാരമാണ് അവരിൽ ഇതു വച്ചുപിടിപ്പിച്ചത്. കേന്ദ്ര ബയോടെക്നോളജി മന്ത്രാലയത്തിന്റെ സാന്പത്തിക സഹായത്തോടെയായിരുന്നു ഗവേഷണം.