തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും ക്ലിഫ് ഹൗസിൽ ചാണകക്കുഴി നിർമിക്കാൻ 3.72 ലക്ഷം രൂപ മുടക്കാൻ സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ വർഷം ജനുവരി 16-നായിരുന്നു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ചാണകക്കുഴി നിർമിക്കാൻ ഇത്രയും വലിയ തുകയുടെ ടെൻഡർ ക്ഷണിച്ചത്. രണ്ടു ഘട്ടമായാണ് കാലിത്തൊഴുത്ത് നിർമാണത്തിനു ടെൻഡർ ക്ഷണിച്ചത്.
കഴിഞ്ഞ വർഷം മുഴുവൻ സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വിവിധ വകുപ്പുകളെയും ജനങ്ങളും തുടരെ ഓർമിപ്പിച്ച സർക്കാരാണ് ഈ തീരുമാനമെടുത്തതെന്നാണ് വിചിത്രം.
സാമൂഹ്യസുരക്ഷാ പെൻഷൻ, സപ്ലൈകോയിലെ കോടികളുടെ കുടിശിക, കരാറുകാർക്ക് പണം ലഭിക്കാത്ത സ്ഥിതി ഒക്കെയുണ്ടെങ്കിലും ഇഷ്ടക്കാർക്ക് ചിലവഴിക്കാൻ സർക്കാരിന്റെ കൈവശം പണമുണ്ടെന്നാണ് നവമാധ്യമങ്ങളിലെ പ്രധാന വിമർശനം.
നേരത്തെ ക്ലിഫ് ഹൗസിൽ 42.50 ലക്ഷം രൂപയ്ക്ക് കാലിത്തൊഴുത്തു നിർമിക്കാൻ തീരുമാനിച്ചതു വലിയ വിർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. അതിന് പിന്നാലെയാണ് ചാണകക്കുഴി നിർമാണത്തിന്റെ വിവരങ്ങൾ കൂടി പുറത്തുവന്നത്.
വാർത്ത വന്നതിന് പിന്നാലെ ഇടത് സർക്കാരിനെതിരേ നവമാധ്യമങ്ങളിൽ ട്രോളിന്റെ പെരുമഴയാണ്. സാമൂഹ്യസുരക്ഷാ പെൻഷന്റെ പേര് പറഞ്ഞ് കഴിഞ്ഞ ബജറ്റിൽ ഒരു രൂപ ഇന്ധന സെസ് പ്രഖ്യാപിച്ച സർക്കാർ നിലവിൽ നാല് മാസത്തെ പെൻഷൻ കുടിശിക നൽകാനുണ്ടെന്നതാണ് പ്രധാന വിമർശനം.