കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന തരത്തിലേക്ക് നീങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ചിന്തിച്ച് യുവാക്കള്‍ കടുത്ത വിഷാദത്തിനും കുറ്റബോധത്തിനും അടിമപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്.
കൂടാതെ ലോക നേതാക്കള്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെടുമെന്നുള്ള ആശങ്കകളും യുവജനങ്ങളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള 2015 പാരീസ് ഉടമ്പടി എങ്ങനെ നടപ്പാക്കാമെന്നതിനെ സംബന്ധിച്ച് ഈ മാസാവസാനം ആരംഭിക്കുന്ന ഗ്ലാസ്ഗോയിലെ യുഎന്‍ ചര്‍ച്ചകള്‍ക്ക് (2021 United Nations Climate Change Conference)മുന്നോടിയായി ചില ഗവേഷണങ്ങളും നടത്തിയിരുന്നു.
ഓണ്‍ലൈന്‍ പ്രചാരണ ശൃംഖലയായ ആവാസിന്റെ ധനസഹായത്തോടെ ബ്രിട്ടീഷ് യൂണിവേഴ്സിറ്റി ഓഫ് ബാത്തിന്റെ നേതൃത്വത്തിലുള്ള പഠനത്തിലെ സര്‍വ്വേയിലായിരുന്നു ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.
ഈ മേഖലയില്‍ ഇന്നുവരെയുള്ള ഏറ്റവും വലിയ പഠനങ്ങളിലൊന്നായ ഇതില്‍ 10 രാജ്യങ്ങളിലായി 16-25 വയസ് പ്രായമുള്ള 10,000 യുവാക്കളെ പങ്കെടുപ്പിച്ചുക്കൊണ്ടാണ് സര്‍വേ നടത്തിയത്.
സെപ്റ്റംബറില്‍ സര്‍വ്വേ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഭാവി ഭീതിജനകമായിരിക്കുമെന്നാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ മുക്കാല്‍ ഭാഗം പേരും കരുതുന്നത്.
അതേസമയം സര്‍ക്കാരുകളുടെയും വ്യവസായങ്ങളുടെയും അലംഭാവം കാരണം 45% പേര് അവരുടെ ദൈനംദിന ജീവിതത്തെയും പ്രവര്‍ത്തനത്തെയും ബാധിക്കുന്ന തരത്തില്‍ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഉത്കണ്ഠയും ദുരിതവും അനുഭവിക്കുന്നവരാണ്.
തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ലോകത്തിലെ ഏറ്റവും ദുര്‍ബലരായ ചില സമൂഹങ്ങളില്‍ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ പോലുള്ള മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
ബാത്ത് സര്‍വകലാശാലയിലെ സൈക്കോതെറാപ്പിസ്റ്റും പ്രഭാഷകയും സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തിന്റെ സഹ രചയിതാക്കളുമായ കരോലിന് ഹിക്ക്മാന്‍, കാലാവസ്ഥയുമായി ബന്ധപ്പെട്ട വികാരങ്ങള്‍ കൈകാര്യം ചെയ്യാന്‍ യുവാക്കളെ സഹായിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ട്.
അവര്‍ പറയുന്നത്, ”യുവജനങ്ങളില്‍ സങ്കടവും ഭയവും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയും വളരുന്നു,”എന്നാണ്.
കാലാവസ്ഥാ വ്യതിയാനത്തെയും കോവിഡ് -19നെക്കുറിച്ചുമുള്ള ആശങ്കകള്‍ യുവാക്കളില്‍ വര്‍ദ്ധിക്കുന്നതായി ലണ്ടന്‍ ആസ്ഥാനമായുള്ള മനോരോഗവിദഗ്ദ്ധന് അലസ്റ്റര്‍ സാന്റ്ഹൗസ് പറയുന്നു.
കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൂടുമ്പോള്‍ കൂടുതല്‍ വ്യക്തമായ മാനസികാരോഗ്യ പ്രത്യാഘാതമുണ്ടാകുമെന്നുള്ള ആശങ്കകളാണ് അദ്ദേഹം പങ്കുവച്ചത്.