തീവ്രവും അതീവ ഗുരുതരവുമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കാണ് ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഡല്‍ഹി നഗരത്തില്‍ അടുത്തകാലത്ത് പ്രത്യക്ഷപ്പെട്ട പുകമഞ്ഞായിരുന്നു ഏറ്റവും പുതിയ ഉദാഹരണം. എന്നാല്‍ ചൈനയില്‍ ഇക്കഴിഞ്ഞ ദിവസം പെയ്ത വ്യത്യസ്തമായ മഴയാണ് ഇപ്പോള്‍ ആളുകളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്.
ആര്‍ത്തിരച്ച് പെയ്ത മഴയ്‌ക്കൊപ്പം മുകളില്‍ നിന്ന് വീണത് നീരാളി, കടല്‍പ്പന്നി, നക്ഷത്രമത്സ്യങ്ങള്‍ തുടങ്ങിയ കടല്‍ജീവികളായിരുന്നു. ചൈനയിലെ തീരദേശ നഗരമായ ക്വിങ്ഡാവോയിലുള്ളവരാണ് ഈ കാഴ്ച കണ്ട് ഞെട്ടിയത്. കൂറ്റന്‍ നീരാളികള്‍ പതിച്ചു റോഡിലുണ്ടായിരുന്ന പലരുടെയും കാറിന്റെ ഗ്ലാസും തവിടുപൊടിയായി.
കണ്‍മുന്നില്‍ നടക്കുന്നത് സ്വപ്നമാണോ സത്യമാണോ എന്നായിരുന്നു കണ്ടും കേട്ടും വിവരമറിഞ്ഞവരുടെ സംശയം. ഒരു മണിക്കൂറോളം തുടര്‍ച്ചയായി പെയ്ത ശേഷമാണ് അദ്ഭുത മഴ നിലച്ചത്. കുറച്ചു ദിവസമായി പ്രദേശത്തു കടുത്ത കാറ്റും മഴയുമുണ്ടായിരുന്നു.
ചൈനയിലെ കാലാവസ്ഥാ വിഭാഗത്തിനും ഇതേക്കുറിച്ച് വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. വാട്ടര്‍ സ്പൗട്ട് പ്രതിഭാസമാകാം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. പ്രത്യേകതരം മര്‍ദത്തെത്തുടര്‍ന്ന് കടല്‍ജലത്തോടൊപ്പം കടല്‍ജീവികള്‍ ആകാശത്തേക്കു വലിച്ചെടുക്കപ്പെടുകയും കൊടുങ്കാറ്റില്‍ ഇവ തീരത്തു പെയ്തിറങ്ങിയെന്നുമാണ് നിഗമനം.