കോട്ടയം: മഴ നീളുകയും മഞ്ഞു മായുകയും ചെയ്തതോടെ പ്ലാവും മാവും തെങ്ങും കശുമാവുമൊക്കെ ചതിക്കുമെന്ന് കാര്ഷിക വിദഗ്ധര്. പതിവുപോലെ നവംബറില് ചക്ക വിരിഞ്ഞില്ല.
ഡിസംബറില് മാവു പൂത്തില്ല. വൈകി പൂവിട്ട് ഫലം ചൂടിയാല്തന്നെ നിറത്തിലും മണത്തിലും ഗുണത്തിലും വലിപ്പത്തിലുമൊക്കെ വ്യതിയാനമുണ്ടാകുമെന്ന് പ്രമുഖ കാര്ഷിക ഗവേഷകന് ഡോ.കെ.ജി. പത്മകുമാര് പറഞ്ഞു. ജലസാമീപ്യമുള്ള കുട്ടനാട്ടില് മാത്രമാണ് ഈ സീസണില് മാവു പൂത്തു തുടങ്ങിയത്.
കിഴക്കന്മേഖലയില് പൂവിട്ടില്ലെന്നു മാത്രമല്ല ഇലകള് തളിര്ക്കുകയും ചെയ്തു. നാട്ടുമാവുകളില് നിന്ന് കണ്ണിമാങ്ങയും പ്രതീക്ഷ വേണ്ട. ഡിസംബര് 20 വരെ മഴ തുടര്ന്നതിനാല് മണ്ണില് ഇപ്പോഴും ഈര്പ്പമുണ്ട്.
ജലാംശം വറ്റി മണ്ണ് ഉണങ്ങി പ്രഭാതങ്ങളില് മഞ്ഞ് പെയ്യുകയും ചെയ്യുന്ന അന്തരീക്ഷത്തിലാണ് ചക്ക വിരിയുക. ജനുവരിയില് വൈകി ചക്ക വിരിഞ്ഞാല്തന്നെ ഫല സാധ്യത കുറയുമെന്ന് പത്മകുമാര് കൂട്ടിച്ചേര്ത്തു.
തെങ്ങിലും കശുമാവിലും മുരിങ്ങ പോലുള്ള സസ്യങ്ങളിലും പൂവും കായും കുറയാം. കേരളത്തിന്റെ തനതു രുചി വിഭവങ്ങള്ക്കെല്ലാം അടുത്ത വിഷുവിനും വേനലിലും ക്ഷാമം നേരിടുമെന്നു ചുരുക്കം.
അന്തരീക്ഷത്തില് കാര്ബണിന്റെയും നൈട്രജന്റെയും തോതുകൂടിയതും ഫലം തരുന്നത് പ്രതികൂലമാക്കിയെന്നാണ് വിദഗ്ധര് പറയുന്നത്. മാത്രവുമല്ല അന്തരീക്ഷ ഈര്പ്പത്തിലെ വര്ധന ചെറിയ തോതില് ജനുവരിയിലും മഴയ്ക്ക് സൂചന നല്കുന്നു.
തെങ്ങിലൊന്നും പുതിയ കരിക്കുകള് പിടിക്കുന്നില്ലെന്നാണ് നിരീക്ഷണം. ഷഡ്പദങ്ങള് കുറഞ്ഞ് പരാഗണം വേണ്ടരീതിയില് നടക്കാത്തതാണു കരിക്കുപിടിക്കാതിരിക്കാന് കാരണം. മഴക്കാലം നീണ്ടതോടെ ഷഡ്പദങ്ങള് ചത്തൊടുങ്ങിയതായിരിക്കാം ഇങ്ങനെയൊരു പ്രതിഭാസത്തിനു കാരണം.
ഇന്ത്യയില് ആദ്യം മാവ് പൂക്കുന്നതു കേരളത്തിലാണ്. ധനു, മകരം മാസങ്ങളിലാണു കേരളത്തില് മാവു പൂക്കാറുള്ളത്. ധനുമാസത്തിലെ തണുപ്പാകുന്നതോടെ പൂവിടാന് തുടങ്ങും. അന്തരീക്ഷതാപനില 33 ഡിഗ്രിക്കു മുകളിലെത്തുമ്പോഴാണു മാവുകള് പൂത്തു തുടങ്ങുക. പുഷ്പിക്കാന് സഹായിക്കുന്ന ഹോര്മോണുകള് സസ്യങ്ങളില് ഉണ്ടാകണമെങ്കില് ഈ താപനില വേണം. നിലവില് താപനില 34 ഗിഗ്രി കടന്നിട്ടും നേട്ടമായില്ല.
കാലം തെറ്റി പൂക്കുന്നതും കായ്ക്കുന്നതുമായ മാവുകളിലെ മാമ്പഴങ്ങള്ക്ക് സ്വാദ് കുറയും. കേരളത്തിന്റെ മാംഗോ സിറ്റിയെന്ന് അറിയപ്പെടുന്ന പാലക്കാട് മുതലമടയിലും മാവുകള് പതിവുപോലെ പൂത്തിട്ടില്ല.
വേരു മുതല് മേല്ശിഖിരം വരെ ചക്ക കായ്ച്ചുനിന്നിരുന്ന നാടിന്റെ ഫല സമൃദ്ധി ഇക്കുറിയുണ്ടാകില്ല. കാറ്റും മഞ്ഞും തണുപ്പുമെല്ലാം ചേരുന്നതോടെ കേരളത്തിന്റെ അന്തരീക്ഷമാകെ നവംബര് മുതല് ജനുവരി വരെ മാറാറുണ്ട്. മാവും പറങ്കിമാവും പൂത്തുതുടങ്ങുന്നതിനു തൊട്ടുപിന്നാലെയായി ചക്ക വിരിയുകയാണ് പതിവ്.
കാര്ഷിക കേരളം വലിയൊരു ക്ഷാമ പ്രതിസന്ധിയിലേക്കാണു നീങ്ങുന്നതെന്നാണ് കാലാവസ്ഥ നല്കുന്ന സൂചന. വേനല് ശക്തിപ്പെടുമെന്നിരിക്കേ ഇക്കൊല്ലത്തെ വിളവെടുപ്പും അടുത്ത നടീല്കൃഷിയും അവതാളത്തിലാകും. ഈയിടെ നട്ട തൈകള്ക്ക് വേനലില് നനയും തണലും കൊടുക്കേണ്ടിവരും. വാഴ, പച്ചക്കറി കൃഷികളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് നിരീക്ഷണം.
റെജി ജോസഫ്