ഓഗസ്റ്റ് മാസത്തില്‍ കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ നിന്ന് കര കയറുന്നതേയുള്ളൂ കേരളം. അതിനുശേഷവും കേരളത്തില്‍ മഴയ്ക്ക് കുറവും ഉണ്ടായിട്ടില്ല. പൊരിവെയിലും ഇടയ്ക്കിടെ വന്നുപോയിരുന്നു. ഇങ്ങനെ ആകെമൊത്തം കേരളത്തിന്റെ കാലാവസ്ഥ താളം തെറ്റിയ ഒരു വര്‍ഷമായിരുന്നു കഴിഞ്ഞു പോയത്.
ഇപ്പോഴിതാ ഈ പുതുവര്‍ഷത്തിലും കാലാവസ്ഥാ വ്യതിയാനം കേരളത്തെ അലട്ടിക്കൊണ്ടിരിക്കുന്നു. പുതുവര്‍ഷം പിറന്നതോടെ കേരളം തണുപ്പിന്റെയും കുളിരിന്റെയും പിടിയിലാണ് പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് സമതല പ്രദേശങ്ങളില്‍ ഇന്നലെ ഏറ്റവും കുറവു താപനില കോട്ടയത്താണ് രേഖപ്പെടുത്തിയത്. 19 ഡിഗ്രിയായിരുന്നു കോട്ടയത്ത് താപനില.
പത്തനംതിട്ടയിലും ശബരിമലയിലും താപനില 21 ഡിഗ്രിയായി താണു. എന്നാല്‍ മൂന്നാര്‍ ഉള്‍പ്പെടെ ഉയര്‍ന്ന പ്രദേശങ്ങളിലും ഹൈറേഞ്ചിലും താപനില മൂന്നു ഡിഗ്രിയായി. ചിലയിടത്ത് മൈനസ് താപനില രേഖപ്പെടുത്തിയതായും സൂചനയുണ്ട്. ഊട്ടിയിലും കൊടൈക്കനാലിലും ഏഴു ഡിഗ്രിയും വാല്‍പ്പാറയില്‍ 5 ഡിഗ്രിയുമാണ്.
മഴ മേഘങ്ങള്‍ അകന്ന് ആകാശം തെളിഞ്ഞതോടെയാണ് തണുപ്പ് എത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ക്രിസ്തുമസിന്റെ തലേദിവസം വരെ മഴ പെയ്തിരുന്നു. പിന്നീടുള്ള ദിവസങ്ങളിലാണ് മഞ്ഞും തണുപ്പും വര്‍ധിച്ചു തുടങ്ങിയത്. ക്രിസ്മസ് തലേന്ന് വരെ മഴ പെയ്തത് തണുപ്പിന്റെ വരവിന് തടസ്സമായി. അതേ സമയം ആന്‍ഡമാന്‍ തീരത്ത് ന്യൂനമര്‍ദം രൂപമെടുക്കുന്ന ന്യൂനമര്‍ദം കേരളത്തില്‍ വലിയ മഴയായി എത്തുകയില്ലെന്നാണ് നിരീക്ഷണം.