അറവുശാലയിലേക്ക് പോകുവാൻ വിസമ്മതിച്ച പശു കണ്ണീരണിയുന്നതിന്റെ നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. ചൈനയിലെ ഗ്വാംഗ്ഡോംഗ് പ്രവശ്യയിലെ ഷാന്റൂയി എന്ന സ്ഥലത്താണ് സംഭവം. കൊല്ലാൻ കൊണ്ടുപോയ നിരവധി പശുക്കളിലൊന്നാണ് മരണത്തിലേക്ക് പോകുവാൻ മടികാണിച്ചത്.
അറവുശാലയിലേക്ക് കൊണ്ടുപോകുവാൻ തുടങ്ങിയത് മുതൽ പശു നടക്കാൻ വിസമ്മതിച്ചിരുന്നു. വളരെയധികം നേരത്തെ ശ്രമത്തിന് ശേഷമാണ് ഉടമ അതിനെ വാഹനത്തിൽ കയറ്റി വിട്ടത്. അറവുശാലയിലെത്തിയിട്ടും പശു നടക്കുവാൻ കൂട്ടാക്കിയില്ല. പിന്നീട് മുൻകാലുകളിൽ മുട്ടുകുത്തി നിന്ന പശു കണ്ണീരണിയുകയും ചെയ്തു. അറവുശാലയിലെ ജീവനക്കാരനാണ് പശുവിന്റെ ദയനീയ ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.
നിമിഷങ്ങൾക്കകം ദൃശ്യങ്ങൾ വൈറലായി മാറി. ചൈനയിലെ മൃഗസ്നേഹികൾ ഉടൻ തന്നെ പശുവിനെ രക്ഷിക്കുവാൻ 2.5 ലക്ഷം രൂപ സമാഹരിച്ചു. ഇവർ ഉടൻ തന്നെ ഇവിടെ എത്തുകയും പശുവിനെ രക്ഷിക്കുകയും ചെയ്തു. ഈ പശുവിനെ സമീപത്തെ ബുദ്ധക്ഷേത്രത്തിലെ അധികൃതർ ദത്തെടുത്തു. ഇവർ സമാഹരിച്ച പണത്തിൽ നിന്നും ഒരു വിഹിതം ക്ഷേത്രത്തിലെ അധികൃതർക്ക്് നൽകുകയും ചെയ്തു.
റിപ്പോർട്ടുകൾ അനുസരിച്ച് പശു ഗർഭിണിയായിരിക്കാമെന്നും അതിനാലാണ് ജീവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതെന്നുമാണ് അറിയാൻ സാധിക്കുന്നത്. പശുവിനെ കൃത്യ സമയത്ത് രക്ഷിക്കുവാൻ മുന്നിട്ടിറങ്ങിയ മൃഗസ്നേഹി കൂട്ടായ്മയ്ക്ക് സമൂഹത്തിന്റെ നാനാഭാഗത്തു നിന്നും അഭിനന്ദന പ്രവാഹമാണ്.