പ്രിയപ്പെട്ട നായ ചത്തുപോയ ദുഃഖം മാറ്റാൻ ചൈനീസ് യുവതി 19 ലക്ഷം രൂപ ചെലവഴിച്ച് ക്ലോണിംഗിലൂടെ നായയെ പുനർജീവിപ്പിച്ചു. ചൈനയിലെ ഹാങ്ഷൂവിൽ സൂ എന്ന യുവതിയാണു നായസ്നേഹത്താൽ ലക്ഷങ്ങൾ പൊടിച്ചത്. 2011ൽ സ്വന്തമാക്കിയ ജോക്കർ എന്ന ഡോബർമാൻ നായ രോഗബാധിതനായി 2022ൽ ചത്തത് സൂവിനെ വല്ലാതെ തളർത്തിയിരുന്നു.
സുഹൃത്തും സംരക്ഷകനുമൊക്കെയായിരുന്ന ജോക്കറിന്റെ വിയോഗം വിഷാദരോഗത്തിലേക്കും അവരെ എത്തിച്ചു. വിരഹദുഃഖം ദുസഹമായതോടെ ക്ലോണിംഗിലൂടെ അവനെ തിരികെകൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു.
വളർത്തുമൃഗ ക്ലോണിംഗ് ചൈനയിൽ ഏറെ പ്രചാരത്തിലുള്ള വ്യവസായമാണ്. വളർത്തുമൃഗത്തിൽനിന്നു ചെറിയ ചർമ സാമ്പിൾ ശേഖരിക്കുകയും അതിന്റെ കോശങ്ങൾ വേർതിരിച്ചെടുക്കുകയും മറ്റൊരു മൃഗത്തിൽനിന്നുള്ള അണ്ഡകോശവുമായി അത് ലയിപ്പിച്ച് ഭ്രൂണം സൃഷ്ടിക്കുകയും പിന്നീടത് ഒരു വാടക അമ്മയിൽ സ്ഥാപിക്കുകയുമാണു ചെയ്യുന്നത്.
ഈ പരീക്ഷണം വിജയം കാണുകയും സൂവിനു ക്ലോണിംഗ് നായയെ ലഭിക്കുകയുംചെയ്തു. ലിറ്റിൽ ജോക്കർ എന്ന് അതിനു പേരുമിട്ടു. മൂക്കിനടുത്തുള്ള കറുത്ത പുള്ളി ഉൾപ്പെടെ ക്ലോണിംഗ് നായ ചത്തുപോയ നായയുമായി സമാനതകൾ ഏറെയുള്ളതായിരുന്നു. എന്നിരുന്നാലും, പുതിയ നായയ്ക്ക് ഒരിക്കലും പഴയ ജോക്കറിന് പകരം വയ്ക്കാൻ കഴിയില്ലെന്നു യുവതി സമ്മതിച്ചു.