ലിവർപൂൾ എഫ്സിയുടെ പരിശീലകനായ ജർഗൻ ക്ലോപിനു പിഴശിക്ഷ. ലിവർപൂൾ ഡെർബിയിൽ എവർട്ടണെതിരേ ജയം സ്വന്തമാക്കിയശേഷം ക്ലോപ് നടത്തിയ ആഹ്ലാദ പ്രകടനമാണ് ശിക്ഷയ്ക്കു കാരണം. സ്റ്റോപേജ് ടൈമിൽ ഡിവോക് ഒറിഗി നേടിയ ഗോളിൽ ലിവർപൂൾ 1-0നു ജയിക്കുകയായിരുന്നു. ഒറിഗിയുടെ ഗോൾ പിറന്നപ്പോൾ മൈതാനത്തേക്ക് ഓടിക്കയറിയ ക്ലോപ് സെന്റർ സർക്കിളിനടുത്തെത്തി ഗോൾ കീപ്പർ ആലിസണിനൊപ്പം ആഹ്ലാദം പങ്കിട്ടിരുന്നു.
എഫ്എ (ഫുട്ബോൾ അസോസിയേഷൻ) ആണ് ക്ലോപ്പിനു ശിക്ഷ വിധിച്ചത്. 7.21 ലക്ഷം രൂപയാണ് (8,000 പൗണ്ട്) പിഴയൊടുക്കേണ്ടത്. അങ്ങനെയൊരു പ്രവൃത്തി ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ല. സമാനമായ സംഭവം ആവർത്തിക്കില്ലെന്ന് ഉറപ്പു നല്കുന്നു. തെറ്റുകൾ പറ്റുക സ്വാഭാവികമാണ്. അതിൽനിന്ന് പാഠമുൾകൊള്ളുകയാണ് എന്റെ പതിവ് – ക്ലോപ് പറഞ്ഞു.