പത്തനാപുരം:പൂക്കുന്നിമല കുടിവെളള പദ്ധതിയുടെ ടാങ്കില്‍ നിന്നും വിതരണം ചെയ്ത വെളളത്തില്‍ ക്ലോറിന്റെ അംശം കൂടിയതായി പരാതി.പട്ടാഴി പന്ത്രണ്ടുമുറി ഒതയന്തൂര് ജംഗ്ഷന് സമീപം പൈപ്പ് പൊട്ടിയ ഭാഗത്ത് നിന്നും പുറത്തേക്കൊഴുകിയ വെളളം പതഞ്ഞുപൊങ്ങിയതാണ് സംശയത്തിന് കാരണം.
പൈപ്പിന്റെ അറ്റകുറ്റപണിക്കായി കുഴിയെടുത്തിട്ടിരുന്ന ഇവിടെ കുഴി നിറഞ്ഞ് പൊങ്ങിയ വെളളം റോഡ് വശത്ത് കൂടി ഒഴുകാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. വെളള നിറത്തില്‍ പതഞ്ഞു പൊങ്ങുന്ന രീതിയിലായിരുന്നു ജലം.
വീടുകളിലേക്ക് വിതരണം ചെയ്ത ജലവും ഇത്തരത്തില്‍ ആയിരുന്നു വെന്നും പരാതിയുണ്ട്. ക്ലോറിന്റെ അംശം കൂടുമ്പോഴാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്ന് ജലഅതോറിറ്റി അസിസ്റ്റന്റ് എൻജിനീയര്‍ പറഞ്ഞു. സംഭവിച്ചത് എന്താണെന്ന് പരിശോധിക്കുമെന്നും അധിക്യതര്‍ പറഞ്ഞു.