ചാലക്കുടി : നഗരസഭ സൗത്ത് ജംഗ്ഷനിൽ പുനർനിർമാണം നടത്തിയ കംഫർട്ട് സ്റ്റേഷൻ ഒരു വർഷം കഴിഞ്ഞിട്ടും തുറന്നില്ല. ലേലം ചെയ്യാൻ ആളില്ലാത്തതാണ് കാരണം. ലക്ഷങ്ങൾ ഡെപ്പോസിറ്റും, വാടകയും ആവശ്യപ്പെടുന്നതാണ് കാരണം.
രണ്ടുനിലകളിലായി നിർമിച്ചിരിക്കുന്ന കെട്ടിടത്തിന്റെ താഴെയുള്ള മുറിയുടെ പിൻഭാഗത്താണ് പരിമിതമായ ടോയ്ലെറ്റ് സൗകര്യം ഉണ്ടാക്കിയിരിക്കുന്നത്. മുറികൾ ലേലം ചെയ്യുന്നവർക്കാണ് കംഫർട്ട് സ്റ്റേഷൻ നടത്താൻ കഴിയുകയുള്ളു. ലേലം ചെയ്യാൻ ആളില്ലാതായപ്പോൾ കുടുംബശ്രീയെ ഏൽപ്പിക്കാനായിരുന്നു നഗരസഭയുടെ നീക്കം.
എന്നാൽ ഇതൊന്നും നടന്നിട്ടില്ല. ഇപ്പോൾ അടഞ്ഞുകിടക്കുന്ന കംഫർട്ട് സ്റ്റേഷന്റെ പരിസരത്താണ് മല മൂത്ര വിസർജ്ജനം നടത്തുന്നത്. ഇതുമൂലം ഈ പരിസരം വൃത്തിഹീനവും ദുർഗന്ധപൂരിതമായിരിക്കുകയാണ്.
സൗത്ത് ജംഗ്ഷനിൽ എത്തുന്നവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ യാതൊരു സൗകര്യവും ഇല്ല. മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ബി.ഡി. ദേവസി എംഎൽഎയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് കംഫർട്ട് സ്റ്റേഷൻ നിർമാണം പൂർത്തീകരിച്ചിട്ടുണ്ടെങ്കിലും തുറന്നുകൊടുക്കാൻ നടപടിയായിട്ടില്ല.