കുഞ്ഞുങ്ങളുടെ പാദത്തിനും കാൽവണ്ണയ്ക്കും കാൽവിരലുകൾക്കും ജന്മനാ ഉണ്ടാകുന്ന വൈകല്യമാണ് – വളഞ്ഞ പാദം, വളഞ്ഞ വിരലുകൾ, വളഞ്ഞ കാൽക്കുഴ – ക്ലബ് ഫൂട്ട്. ജനനസമയത്തു തന്നെ ക്ലബ് ഫൂട്ട് തിരിച്ചറിയാൻ സാധിക്കും.
കൃത്യമായ ചികിത്സയിലൂടെ വൈകല്യം പൂർണമായും ഇല്ലാതാക്കാം.
ചികിത്സ എങ്ങനെയൊക്കെ?
രണ്ടു ഘട്ടങ്ങളാണ് ക്ലബ് ഫൂട്ട് ചികിത്സയ്ക്കുള്ളത്.
1. പ്ലാസ്റ്റർ കാസ്റ്റ്
രണ്ടു മുതൽ നാലു മാസം വരെയാണ് ഇതിന്റെ കാലയളവ്. പ്ലാസ്റ്ററിടുന്നതു ഡോക്ടറാണ്. കാൽവിരലുകൾമുതൽ ഇടുപ്പുവരെയാണ് പ്ലാസ്റ്റർ ഇടുന്നത്. ഇതുമൂലം ചുരുങ്ങിക്കിടക്കുന്ന മാംസപേശികൾ വലിഞ്ഞ് ശരിയായ ദിശയിൽ എത്തിച്ചേരും. ഒന്നോ രണ്ടോ ആഴ്ച കൂടുന്പോൾ പുതിയത് ഇടേണ്ടതാണ്. മിക്ക കുട്ടികളിലും ആറു മുതൽ എട്ട് പ്ലാസ്റ്റർ വരെ വേണ്ടിവരും.
പ്ലാസ്റ്റർ കാസ്റ്റ് ധരിച്ചിരിക്കുന്പോൾ ശ്രദ്ധിക്കുക
* പ്ലാസ്റ്റർ വൃത്തിയായും നനവു തട്ടാതെയും സൂക്ഷിക്കുക.
* കുഞ്ഞിനെ കുളിപ്പിക്കുന്പോൾ പ്ലാസ്റ്ററിനകത്ത് വെള്ളം കയറാതെ സൂക്ഷിക്കുക.
* പ്ലാസ്റ്ററിൽ സോപ്പിന്റെ അംശം പറ്റിയാൽ ജലാംശം കളഞ്ഞ് പ്ലാസ്റ്റർ ഉണക്കിയെടുക്കുക.
* പ്ലാസ്റ്ററിൽ മൂത്രത്തിന്റെ അംശം പറ്റാതെ സൂക്ഷിക്കുക. ഇത് അണുബാധയ്ക്ക് ഇടയാക്കും.
* തണുപ്പുള്ള കാലാവസ്ഥയെങ്കിൽ പ്ലാസ്റ്ററിനു മുകളിലൂടെ സോക്സ്
ധരിക്കാവുന്നതാണ്.
* കുഞ്ഞിന്റെ കാൽവിരലുകൾ ഇടയ്ക്കിടെ നിരീക്ഷിച്ച് ഇവ പിങ്ക് നിറത്തിലാണെന്ന് ഉറപ്പാക്കുക.
പ്ലാസ്റ്റർ ധരിച്ചാൽ ചികിത്സ തേടേണ്ട സന്ദർഭങ്ങൾ
* വിരലുകളിൽ വീക്കം, അമിതമായ തണുപ്പ്
* പ്ലാസ്റ്ററിന്റെ അരികിൽ ചുവപ്പു നിറം, വ്രണം,ചൊറിച്ചിൽ, ദുർഗന്ധം.
* പ്ലാസ്റ്റർ ഉൗരി കീഴ്പ്പോട്ടിറങ്ങി വിരലുകൾ അകത്തോട്ട് കയറിയിരിക്കുക.
2. ബ്രേസ് (സ്പെഷൽ ഷൂസ്)
പ്ലാസ്റ്റർ ചികിത്സ പൂർണമാകുന്നതോടെ കുഞ്ഞിന്റെ കാലുകൾ നേരെയാകും. അതിനു ശേഷമാണ് സ്പെഷൽ ഷൂസ് ധരിക്കേണ്ടത്. ഒരു ദണ്ഡ് ഉപയോഗിച്ച് ഷൂസുകളെ ബന്ധിപ്പിച്ചിരിക്കും. ഇതു പാദങ്ങളെ ശരിയായ ദിശയിൽ സൂക്ഷിക്കും.
ഒരു പാദത്തിന് മാത്രമാണ് പ്രശ്നമുള്ളുവെങ്കിലും രണ്ടു പാദങ്ങളിലും സ്പെഷൽ ഷൂസ് ധരിക്കണം. ഷൂസ് ഉൗരിമാറ്റുകയോ ദണ്ഡ് വളയ്ക്കുകയോ അരുത്.
കുഞ്ഞിനെ ഷൂസ് ധരിപ്പിക്കുന്നത് മാതാപിതാക്കളുടെ കടമയാണ്. ശരിയായ രീതിയിൽ ഷൂസ് ധരിച്ചില്ലെങ്കിൽ വൈകല്യം വീണ്ടും ഉണ്ടായേക്കാം.
(തുടരും)
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ,
ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.