കോഴിക്കോട്: ഇന്ത്യയിൽ തരംഗമാകുന്ന പുതിയ സമൂഹമാധ്യമ പ്ലാറ്റ്ഫോം “ക്ലബ് ഹൗസി’ന്റെ ഉള്ളടക്കം, സ്വകാര്യത എന്നിവ സംബന്ധിച്ച് പരക്കെ ആശയക്കുഴപ്പം.
ഇതു സംബന്ധിച്ച് അന്വേഷിക്കാനൊരുങ്ങുകയാണു കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം. അംഗങ്ങളുടെ ശബ്ദം മാത്രമുപയോഗിച്ച് തത്സമയ ചാറ്റിംഗ് സാധ്യമാക്കുന്ന ആപ്പ് കേരളത്തിലും അതിവേഗമാണു പ്രചാരണം നേടിയത്.
എൻഡ്-ടു എൻഡ് എൻസ്ക്രിപ്ഷൻ രീതിയിലുള്ള സാങ്കേതികതയല്ല പിന്തുടരുന്നത് എന്നതിനാൽ തത്സമയം നടക്കുന്ന സംഭാഷണങ്ങളും ചർച്ചകളും അത് അവസാനിക്കുന്ന മുറയ്ക്ക് അംഗങ്ങളുടെ പരിധിയിൽനിന്ന് അപ്രത്യക്ഷമാകുമെങ്കിലും ആപ്പ് ഇത് റിക്കാർഡ് ചെയ്തു സൂക്ഷിക്കുന്നുണ്ട്.
ഇതാണ് ഉള്ളടക്കം, സ്വകാര്യത തുടങ്ങിയ കാര്യങ്ങളിൽ ആപ്പ് സംശയനിഴലിൽ ആകാൻ കാരണം. മാത്രമല്ല, ക്ലബ് ഹൗസിൽ നടക്കുന്ന ചർച്ചകളും സംഭാഷണങ്ങളും ഫോണിലെ സ്ക്രീൻ റിക്കാർഡറുപയോഗിച്ച് മറ്റു മാധ്യമങ്ങൾവഴി പ്രചരിപ്പിക്കുന്ന പ്രവണതയും സുരക്ഷയെ സംബന്ധിച്ച സംശയങ്ങളുയർത്തുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ മാത്രം നിരവധി സംഭവങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. രാജ്യസുരക്ഷ, മതവിദ്വേഷം, അശ്ലീല സംഭാഷണങ്ങൾ, വ്യക്തിഹത്യ, മയക്കുമരുന്ന് കച്ചവടം തുടങ്ങി പലതരം ഉള്ളടക്കങ്ങളാണ് ആപ്പിലൂടെ ഒഴുകിനടക്കുന്നത്.
ഇതോടെ രാജ്യത്തെ വിവിധ അന്വേഷണ ഏജൻസികളും ആപ്പിനെ നിരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്.
എൻഐഎ മുതൽ നർകോട്ടിക് കൺട്രോൾ ബ്യൂറോ വരെ അടങ്ങുന്ന സംഘങ്ങളാണു ക്ലബ് ഹൗസിനെ നിരീക്ഷിക്കുന്നത്.
ശേഖരിക്കുന്ന ഉള്ളടക്കം ആവശ്യമെങ്കിൽ നിയമപരിപാലനത്തിന് അധികൃതർക്ക് കൈമാറുമെന്ന് ക്ലബ് ഹൗസ് തങ്ങളുടെ സ്വകാര്യതാനയത്തിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും കേന്ദ്രസർക്കാർ ഫെബ്രുവരി 25ന് പുറത്തിറക്കിയ വിവരസാങ്കേതിക വിദ്യാ ചട്ടം (The Information Technology (Intermediary Guidelines and Digital Media Ethics Code) Rules, 2021) ക്ലബ് ഹൗസ് പാലിക്കുന്നുണ്ടോ എന്ന ചോദ്യമാണു പ്രസക്തം.
ട്വിറ്റർ, ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങൾക്കു കേന്ദ്രസർക്കാർ നോട്ടീസ് നൽകി നിർബന്ധിച്ച് ചട്ടത്തിനു കീഴിൽ കൊണ്ടുവരികയായിരുന്നു.
വാട്സ് ആപ്പ് ആകട്ടെ കൂടുതൽ വ്യക്തതയ്ക്കായി കേന്ദ്ര സർക്കാരുമായി നിയമപോരാട്ടം തുടരുകയുമാണ്.
പുതിയ വിവരസാങ്കേതിക വിദ്യാ ചട്ടമനുസരിച്ച് ഇത്തരം മാധ്യമങ്ങൾ ഇന്ത്യയിൽ നേരിട്ട് മേൽവിലാസമൊരുക്കേണ്ടതുണ്ട്.
കൂടാതെ ഇന്ത്യൻ പൗരന്മാരായ ചീഫ് കംപ്ലയിൻസ് ഓഫീസർ, നോഡൽ കോൺടാക്ട് പേഴ്സൺ, റെസിഡന്റ് ഗ്രീവൻസ് ഓഫീസർ തുടങ്ങിയ തസ്തികകളും സൃഷ്ടിക്കണം. മത്രമല്ല രാജ്യരക്ഷ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങൾ തുടങ്ങിയവയുടെ ഉറവിടം അന്വേഷണ ഏജൻസികൾക്കു കൈമാറുകയും വേണം.
അമേരിക്കയിൽ പിറവിയെടുത്ത ക്ലബ് ഹൗസ് ഭാരത സർക്കാരിന്റെ ഇത്തരം ചട്ടങ്ങൾ പാലിക്കുന്നതായി സൂചനയില്ല.