കണ്ണൂർ: സെക്സും മയക്കുമരുന്നും മുതൽ തീവ്രവാദംവരെ കൊഴുപ്പിച്ചു ക്ലബ് ഹൗസ് ചർച്ചകൾ. രാത്രി 11 മുതലാണ് ഇത്തരം ഗ്രൂപ്പുകൾ സജീവമാകുന്നത്.
ഇതോടെ ഈ ഗ്രൂപ്പുകൾക്കെതിരേ കേരള പോലീസിന്റെ സൈബർ ഡോം വിഭാഗം നിരീക്ഷണം ശക്തമാക്കി. ക്ലബ് ഹൗസിന്റെ ക്ലോസഡ് റൂമുകളിലാണ് തീവ്രവാദം ഉൾപ്പെടെ ചർച്ച ചെയ്യുന്നതെങ്കിൽ പരസ്യമായുള്ള ഗ്രൂപ്പുകളിലാണ് സെക്സും മയക്കുമരുന്നും ചർച്ച.
നല്ല രീതിയിലുള്ള ചർച്ചകൾ നടന്നിരുന്ന സൈബർ ഇടങ്ങളിൽ ഒന്നായിരുന്നു ക്ലബ് ഹൗസ് തുടക്കത്തിൽ. എന്നാൽ, ചർച്ചകൾ വഴി തെറ്റിയതോടെ സെലിബ്രറ്റികളിൽ പലരും ക്ലബ് ഹൗസ് ഉപേക്ഷിച്ചു.
പരസ്യമായ അശ്ലീലം
5000 പേർ പങ്കെടുക്കുന്ന ഗ്രൂപ്പുകളാണ് ക്ലബ് ഹൗസിൽ ഉള്ളത്. എന്നാൽ, ചില വിഷയങ്ങൾ ചർച്ച ചെയ്യാൻ 50 താഴെയുള്ള ആളുകളാണ് പങ്കെടുക്കുന്നത്.
ഇത്തരം ഗ്രൂപ്പിന്റെ പേരുകൾ ഇംഗ്ലീഷ് അക്ഷരങ്ങൾ ചേർത്തുള്ള കോഡിലാണ് അറിയപ്പെടുന്നത്. റൂമിൽ ആരൊക്കെ കയറണമെന്നു മോഡറേറ്റർ നിശ്ചയിക്കും. ആണുങ്ങളും പെണ്ണുങ്ങളും ഉൾപ്പെടുന്ന ഗ്രൂപ്പിൽ പരസ്യമായാണ് സെക്സ് സംസാരിക്കുന്നത്.
ഇഷ്ടമുള്ള പെണ്ണിനെയോ ആണിനെയോ ഗ്രൂപ്പിൽനിന്നു തെരഞ്ഞെടുക്കാം. അവരോടു പരസ്യമായി സെക്സ് പറയാം. ഇതിനുള്ള മറുപടിയും പങ്കെടുക്കുന്ന ആളുകളിൽനിന്നു ലഭിക്കും. ആണുങ്ങളും പെണ്ണുങ്ങളും സംഘം ചേർന്നാണ് ഇത്തരം ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്.
ബാക്കിയുള്ളവരെ ഗ്രൂപ്പിൽ ചേർക്കുകയും അവരുടെ താത്പര്യങ്ങൾ നോക്കുകയും പിന്നെ ഇരകളാക്കി മാറ്റുകയും ചെയ്യുന്ന ചില ഗ്രൂപ്പുകളുണ്ട്.
ഭർത്താവിനെയും ഭാര്യയെയും കൈമാറ്റം ചെയ്യുന്ന ഗ്രൂപ്പുകൾ, പരസ്പരം വാട്സാപ്പ് നന്പർ കൈമാറുന്ന ഗ്രൂപ്പുകൾ, കാമുകിയെയും കാമുകനെയും കൈമാറ്റം ചെയ്യുന്ന ഗ്രൂപ്പുകൾ..അങ്ങനെ നീണ്ടു പോകുന്ന ഗ്രൂപ്പുകൾ.
നോട്ടീസ് നൽകി
ക്ലബ് ഹൗസിൽ വലിയൊരു വിഭാഗം അശ്ലീല ചർച്ചകളാണ് നടന്നു വരുന്നതെന്നതു കണക്കിലെടുത്ത് ബാലാവകാശ കമ്മീഷൻ നേരത്തെ രംഗത്തു വന്നിരുന്നു.
ക്ലബ് ഹൗസ് ചർച്ചകളിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് നൽകി. ഐടി സെക്രട്ടറി, ഡിജിപി ഉൾപ്പെടെ എട്ടുപേർക്കാണ് നോട്ടീസ് നല്കിയത്.
18 വയസിൽ താഴെയുള്ളവർ ക്ലബ് ഹൗസിൽ അക്കൗണ്ട് തുറക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ബാലാവകാശ കമ്മീഷന്റെ നിർദേശമുണ്ട്.
സിനിമാ താരങ്ങളിൽ പലരുടെയും പേരിൽ വ്യാജൻമാർ ക്ലബ് ഹൗസിൽ എത്തിയിരുന്നു. നിവിൻ പോളി, ആസിഫലി, ദുൽഖർ സൽമാൻ എന്നിവരെല്ലാം തങ്ങൾ ക്ലബ് ഹൗസിൽ അംഗങ്ങൾ അല്ലെന്ന് ഇതിനെത്തുടർന്നു വെളിപ്പെടുത്തിയിരുന്നു.