കുറഞ്ഞ ദിവസങ്ങള്കൊണ്ടാണു ക്ലബ് ഹൗസ് എന്ന ഓഡിയോ ചാറ്റ് ആപ്ലിക്കേഷന്‍ മലയാളികള്‍ക്കിടയില്‍ തരംഗമായത്.
ഇഷ്ടമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഒരിടം, പ്രശ്നങ്ങളില്‍ ശബ്ദമുയര്‍ത്താനൊരിടം, തമാശകള്‍ പറയാനൊരിടം, ഇവയെല്ലാം കേള്‍ക്കാനൊരിടം, സൗഹൃദങ്ങള്‍ പങ്കുവയ്ക്കാനൊരിടം.
എല്ലാവരും പരസ്പരം ഉള്ളുതുറന്ന് സംസാരിക്കുകയാണ് ക്ലബ് ഹൗസില്‍. 2020 മാര്‍ച്ചില്‍ ലോഞ്ച് ചെയ്ത ക്ലബ് ഹൗസ് നേരത്തേ ഐഒഎസിലായിരുന്നു ലഭ്യമായിരുന്നത്.
ആന്‍ഡ്രോയിഡ് പതിപ്പ് മേയ് 21 ന് കേരളത്തില്‍ എത്തിയതോടെയാണ് മലയാളികള്‍ക്കിടയില്‍ ആപ് വൈറലാകുന്നത്.
ക്ലബ് ഹൗസിനെ ജനകീയമാക്കിയതു രണ്ടു കാര്യങ്ങളാണ്. ഒന്ന്, ലോക്ഡൗണ്‍ സമയം. ഇതു ലോക്ഡൗണ്‍ വിരസതയില്‍ വീടുകളിലിരിക്കുന്ന ആളുകള്‍ക്ക് ആശയവിനിമയത്തിനു പറ്റിയ മാര്‍ഗമാക്കി മാറ്റി. രണ്ട്, ആപ്പിനെക്കുറിച്ചുള്ള ജിജ്ഞാസ.
ആര്‍ക്കു വേണമെങ്കിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. പക്ഷേ അതിനുള്ളില്‍ പ്രവേശിക്കണമെങ്കില്‍ ഒരു ക്ലബ്ഹൗസ് അംഗത്തിന്റെ ക്ഷണം (ഇന്‍വിറ്റേഷന്‍) ലഭിച്ചാലേ സാധിക്കൂ. ഈ ജിജ്ഞാസയാണ് ആളുകളെ ഇടിച്ചുകയറാന്‍ പ്രേരിപ്പിച്ചത്.
നിലവില്‍ 8002 ആളുകള്‍ക്കു മാത്രമാണ് ഒരു സമയത്ത് ഒരു ഓഡിയോ ലൈവ് റൂമില്‍ പ്രവേശിക്കാന്‍ സാധിക്കുക. പരസ്പരം ഫോളോ ചെയ്യുന്നതാണ് ഇതിന്റെ രീതി.
ഫോളോ ചെയ്യുന്ന ആളുകള്‍ ഏതു ഗ്രൂപ്പില്‍ ഉണ്ടെന്നുള്ള നോട്ടിഫിക്കേഷന്‍ നമുക്ക് ലഭിക്കും. ഇതുപോലെ തന്നെ നമ്മെ ഫോളോ ചെയ്യുന്നവര്‍ക്ക് തിരിച്ചും ലഭിക്കും.
ഒരു വീട്ടിലെ പല മുറികളില്‍ ഇരുന്ന് വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുന്നു. ഇതാണ് ഇന്ത്യന്‍ വംശജനായ റോഹന്‍ സേത്തും പോള്‍ ഡേവിഡ്സണും ചേര്‍ന്ന് നിര്‍മിച്ച ക്ലബ് ഹൗസ്.
ശബ്ദം മാത്രം മതി
ഏതെങ്കിലും വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ച നടക്കുന്ന ഒരു സദസിനെ അങ്ങനെ തന്നെ വെര്‍ച്വല്‍ ലോകത്തേക്കു പറിച്ചുനടുകയാണ് ക്ലബ് ഹൗസ് എന്ന ആപ്പ് ചെയ്യുന്നത്.
റൂം ക്രിയേറ്റ് ചെയ്യുന്നയാളാണ് മോഡറേറ്റര്‍. മോഡറേറ്റർ അനുവദി ച്ചാൽ മാത്രമേ റൂമില്‍ പ്രവേശിക്കുന്നവര്‍ക്ക് ചര്‍ച്ചയില്‍ സംസാരിക്കാൻ സാധിക്കൂ.
ഓപ്പണ്‍, സോഷ്യല്‍, ക്ലോസ്ഡ് എന്നിങ്ങനെ മൂന്നു തരത്തിലുള്ള റൂമുകളാണുള്ളത്. ഓപ്പണ്‍ റൂമില്‍ എല്ലാവര്ക്കും പ്രവേശിക്കാമെങ്കില്‍ സോഷ്യല്‍ റൂമുകളില്‍ പരസ്പരം ഫോളോ ചെയ്യുന്നവര്‍ക്കേ പ്രവേശനം ഉള്ളൂ. ക്ലോസ്ഡ് റൂമുകള്‍ രഹസ്യ സംഭാഷണങ്ങള്‍ നടത്താനുള്ളതാണ്. ഇതില്‍ ക്ഷണിക്കപ്പെടുന്നവര്‍ക്കു മാത്രമേ പ്രവേശനമുള്ളൂ.
ശബ്ദം മാത്രം അവശ്യമുള്ളതുകൊണ്ട് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ എവിടെയാണെന്നോ എന്തു ചെയ്യുന്നുവെന്നോ ളള്ളതു വിഷയമല്ല.
ഫേസ്ബുക്ക്, വാട്ട്സ്ആപ്, ഇന്‍സ്റ്റഗ്രാം പോലുള്ള മറ്റ് ആപ്പുകള്‍ നോക്കുന്നതിനിടയിലും ജോലികള്‍ ചെയ്യുന്നതിനിടയിലും ഒരു പ്രസംഗം കേള്‍ക്കുന്ന പോലെ ഈ ചര്‍ച്ചകളില്‍ പങ്കെടുക്കാം. വെബിനാറുകളില്‍ പങ്കെടുക്കുന്ന പോലെ കംപ്യൂട്ടറിന്റെയോ ഫോണിന്റെയോ മുന്നില്‍ ഒരുങ്ങി ഇരിക്കേണ്ട കാര്യമില്ല.
ഗുണങ്ങള്‍ പലത്
ക്ലബ് ഹൗസന്റെ ഏറ്റവും വലിയ ഗുണമായി കണക്കാക്കുന്നത് നമ്മുടെ ആശയങ്ങളെ വലിയൊരു കൂട്ടം ആളുകളില്‍ വളരെ പെട്ടെന്ന് എത്തിക്കാന്‍ സാധിക്കുമെന്നതാണ്.
ആ ആശയത്തെപ്പറ്റി റൂമിലുള്ള ആളുകള്‍ പറയുന്ന അഭിപ്രായം കേട്ടു കൂടുതല്‍ അറിവുകള്‍ അതിലൂടെ സ്വായത്തമാക്കാനും സാധിക്കും. മാനസിക സമ്മര്‍ദം അകറ്റാനും പുതിയ ആളുകളെ പരിചയപ്പെടാനും ഈ ആപ്പു വഴി കഴിയും.
സമൂഹത്തിലെ എല്ലാതലത്തിലുമുള്ളവര്ക്ക് എഴുത്തുകാര്‍, സഞ്ചാരികള്‍, ചിന്തകര്‍, സിനിമാതാരങ്ങള്‍, മന്ത്രിമാര്‍ തുടങ്ങി സാമൂഹിക സാംസ്കാരിക സിനിമാ മേഖലകളിലുള്ളവരുമായി നേരിട്ട് ആശയസംവാദം നടത്താനും നമ്മുടെ ആശയങ്ങളില്‍ അവരുടെ അഭിപ്രായം എന്തെന്ന് അറിയാനും സാധിക്കും.
വലിയ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനങ്ങളും ചര്‍ച്ചകളും ക്ലബ് ഹൗസ് വഴി നടത്താനാകും എന്നതാണ് മറ്റൊരു പ്രത്യേകത. പെതുജനത്തിന് പ്രവേശനമില്ലാത്ത തരം രഹസ്യചര്‍ച്ചകള്‍ നടത്താന്‍ “ക്ലോസ്ഡ് റൂം’ എന്ന സൗകര്യവും ക്ലബ് ഹൗസിലുണ്ട്.
സഭാകമ്പമുള്ളവര്ക്കു സംസാരിച്ച് തെളിയാനുള്ള ഒരു വേദികൂടിയാണ് ക്ലബ് ഹൗസ്. ഭാവിയിലേക്ക് ഒരുപാട് പ്രസംഗകരെ സമ്മാനിക്കാന്‍ ഈ ആപ്പിനു കഴിയുമെന്നു നിസംശയം പറയാം.
ഇനിയുള്ള കാലഘട്ടങ്ങളില്‍ ഓഡിറ്റോറിയങ്ങളും ഹാളുകളും ഒഴിഞ്ഞുകിടന്നാല്‍ അത്ഭുതപ്പെടാനില്ല. കാരണം പണച്ചെലവും സമയച്ചെലവുമില്ലാതെ ആളുകളെകൂട്ടി പരിപാടികള്‍ സംഘടിപ്പിക്കാന്‍ ക്ലബ് ഹൗസ് ഉണ്ടാകും.
അപകടങ്ങള്‍ ഏറെ
എല്ലാ സാമൂഹിക മാധ്യമങ്ങളെപ്പോലെ ക്ലബ് ഹൗസ് ഏറെ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. പ്രധാനമായും വ്യാജഐഡികളുടെ കടന്നുകയറ്റം. ഇത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.
ആപ്പ് കേരളത്തില്‍ ഇറങ്ങിയ ആദ്യദിനങ്ങളില്‍ വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ പങ്കെടുത്ത ആരോഗ്യപരമായ ചര്‍ച്ചകളാണു കണ്ടത്. എന്നാല്‍, തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചര്‍ച്ചയുടെ രീതി തന്നെ മാറി.
അശ്ലീല സംഭാഷണത്തിലേയ്ക്കും പ്രണയാഭ്യര്ഥനകളിലേയ്ക്കും ഗ്രൂപ്പുകള്‍ മാറി. ആരോഗ്യപരമായ ചര്‍ച്ചകളുടെ എണ്ണം കുറയുകയും ഇത്തരത്തിലുള്ള കുല്സിത ചര്‍ച്ചകളിലേക്ക് ക്ലബ് ഹൗസ് മാറുകയും ചെയ്തു.
ഇത്തരത്തില്‍ ലൈവായി നടക്കുന്ന ചര്‍ച്ചകള്‍ റിക്കാര്‍ഡ് ചെയ്യാന്‍ സാധ്യമല്ലായെന്നു ക്ലബ്ഹൗസ് വ്യക്തമാക്കുന്നുണ്ടെങ്കിലും സ്മാര്‍ട്ട് ഫോണിലെ സ്ക്രീന്‍ റിക്കാര്‍ഡര്‍ വഴി ഈ ചര്‍ച്ചകള്‍ റിക്കാര്‍ഡ് ചെയ്യാന്‍ സാധിക്കും. ഇത്തരത്തില്‍ റിക്കാര്‍ഡ് ചെയ്യപ്പെട്ട അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ നിരവധി വീഡിയോകള്‍ ഇന്നു വാട്സാപ്പില്‍ പ്രചരിക്കുന്നുണ്ട്.
കുട്ടികളെ സൂക്ഷിക്കുക
ക്ഷണിക്കാന്‍ (ഇന്‍വിറ്റേഷന്‍) ആളുണ്ടെങ്കില്‍ പ്രായപരിധിയില്ലാതെ ആര്‍ക്കും ക്ലബ് ഹൗസില്‍ പ്രവേശിക്കാനാകും. കുട്ടികള്‍ ഇതില്‍ പ്രവേശിച്ച ശേഷം ഏതു തരത്തിലുള്ള ഗ്രൂപ്പുകളിലാണ് എത്തിപ്പെടുകയെന്നു പറയാന്‍ കഴിയില്ല.
പത്തു വയസു മുതല്‍ ഇരുപതു വയസുവരെ ഏറെക്കുറെ സ്വപ്നലോകത്താണു കുട്ടികള്‍ ജീവിക്കുന്നത്. സങ്കല്പമേത്, യാഥാര്‍ഥ്യമേത് എന്നു തിരിച്ചറിയാനുള്ള വിവേകം അവർക്കില്ല. പ്രായപൂര്‍ത്തിയായവര്‍ മാത്രം കേള്‍ക്കേണ്ട ചില വിഷയങ്ങളിലെ ചർച്ചകൾ കുട്ടികള്‍ കേള്‍ക്കുന്നത് അവരുടെ ഭാവിയെത്തന്നെ ബാധിച്ചേക്കാം.
ഏതാനും ദിവസംമുമ്പ് അര്‍ധരാത്രിയില്‍ കഞ്ചാവിന്റെ ഉപയോഗം എന്ന വിഷയത്തെ ആസ്പദമാക്കി ഒരുചര്‍ച്ച നടന്നു. യുവതീയുവാക്കളായ 250ല്‍പ്പരം ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
മോഡറേറ്റർമാരെ ഫോളോചെയ്തവരെ ക്ലോസ്ഡ് റൂമില്‍ വരുത്തി രഹസ്യമായി കഞ്ചാവ് വേണോ എന്നു ചോദിച്ച സംഭവം ഉണ്ടായി. ലഹരിമരുന്ന് വില്പന, പെണ്‍വാണിഭം, ബ്ലാക്ക്മെയിലിംഗ്, ബ്ലാക്ക് മാസ്, ലൗ ജിഹാദ്, തീവ്രവാദം തുടങ്ങി നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ക്ലബ് ഹൗസിലെ ക്ലോസ്ഡ് റൂം വഴി നടത്താന്‍ കഴിയും. അര്‍ധരാത്രികഴിഞ്ഞാണ് പലപ്പോഴും ഇത്തരത്തിലുള്ള റൂമുകള്‍ ഇരയെ കാത്തിരിക്കുന്നത്.
വിഷയം വിഷമാകുമ്പോള്‍
ക്ലബ് ഹൗസിന്റെ മറ്റൊരു വെല്ലുവിളി ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാണ്. ഗൗരവ വിഷയങ്ങളില്‍ നിന്നു വിട്ട് കോമഡി, പാട്ട്, കഥകള്‍, ക്വിസ് പോലുള്ള വിനോദപരിപാടികളും ക്ലബ് ഹൗസില്‍ അരങ്ങേറുന്നുണ്ട്.
എന്നാല്‍, ഇവയ്ക്കു പുറമേ അപകടകരമായ രീതിയിലുള്ള തീവ്ര മതപഠന ക്ലാസുകള്‍, ഫോണ്‍ സെക്സ്, വര്‍ഗീയത പ്രോൽസാഹിപ്പിക്കുന്ന ചര്‍ച്ചകള്‍ പോലുള്ളവയും നടക്കുന്നു. ക്ലോസ്ഡ് റൂമുകളില്‍ ലൈംഗിക വിഷയങ്ങൾ സംസാരിക്കാന്‍ പെണ്‍കുട്ടികളെ ക്ഷണിക്കുന്ന പ്രവണത കൂടുതലായി കാണുന്നുണ്ട്.
പെണ്‍കുട്ടികള്‍ ആ വിഷയത്തില്‍ പറയുന്ന കാര്യങ്ങള്‍ റിക്കാര്‍ഡ് ചെയ്ത് അതുവച്ച് അവരെ ബ്ലാക്ക്മെയിൽ ചെയ്യാനുള്ള സാധ്യതകളുമുണ്ട്. സദാചാര ആങ്ങളമാര്, മാട്രിമോണിയല്‍, വരൂ ഡേറ്റിംഗിലാവാം, സിംഗിളായി വന്ന് മിംഗിളായി പോകാം തുടങ്ങിയ നിരവധിയായ തലക്കെട്ടോടുകൂടി പ്രത്യക്ഷപ്പെടുന്ന റൂമുകളുടെ ലക്ഷ്യങ്ങള്‍ സംശയാസ്പദമാണ്.
ലൗ ജിഹാദ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ക്ലബ് ഹൗസ് ഉപയോഗിക്കാനുള്ള സാധ്യതയേറെയാണ്. ഇത്തരത്തിലുള്ള ഒരു റൂമില്‍ കയറിയ പന്തളം സ്വദേശിനിയായ പെണ്‍കുട്ടിക്കു റൂമില്‍ ഉണ്ടായിരുന്ന ഏതാനുംപേര്‍ വാട്സാപ്പില്‍ മെസേജ് അയച്ച സംഭവം ഞെട്ടിക്കുന്നതാണ്.
പെണ്‍കുട്ടി തന്റെ പേഴ്സണല്‍ നമ്പര്‍ ഒരിടത്തും പങ്കുവച്ചിട്ടില്ലായെന്ന നിലപാടില്‍ തന്നെ നില്ക്കുന്നു. അപ്പോള്‍ പിന്നെ ഇവര്‍ക്ക് ഈ നമ്പര്‍ എവിടെ നിന്നു കിട്ടിയെന്നത് ചോദ്യച്ചിഹ്നമായി അവശേഷിക്കുന്നു.
ബ്ലാക്ക് മാസും പിടിമുറുക്കുന്നു
പാരാ നോര്‍മല്‍ ആക്റ്റിവിറ്റീസ് എന്ന വിഷയം കണ്ടു രാത്രി 12 മണിക്ക് ചര്‍ച്ചയ്ക്ക് കയറിയ എറണാകുളം സ്വദേശിനികളായ രണ്ടുപെണ്‍കുട്ടികള്‍ അതില്‍നിന്നു പുറത്തുവന്നത് പിറ്റേന്ന് ഉച്ചയ്ക്കാണ്. പൊതുചര്‍ച്ചയില്‍ നിന്ന് ഇവരെ ക്ലോസ്ഡ് റൂമിലേക്കു ക്ഷണിച്ചു. അതില്‍ ബ്ലാക്ക് മാസിനെക്കുറിച്ചുള്ള ക്ലാസുകളായിരുന്നുവെന്ന് ഈ പെണ്‍കുട്ടികള്‍ പറയുന്നു.
ക്ലബ് ഹൗസ് ഉപയോഗിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടോയെന്നു കേരള പോലീസ് സൈബര്‍ വിഭാഗം നിരീക്ഷണം ആരംഭിച്ചുകഴിഞ്ഞു.
ഇതിന്റെ ഭാഗമായി ക്ലബ് ഹൗസില്‍ കേരള പോലീസ് അക്കൗണ്ട് തുറന്നിട്ടുണ്ട്. ക്ലബ് ഹൗസില്‍ തങ്ങളുടെ വ്യാജ ഐഡികള്‍ കറങ്ങുന്നുണ്ടെന്ന് സിനിമാ താരങ്ങളായ പൃഥ്വിരാജ്, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്മാന്, ടോവിനോ തോമസ്, നിവിന്‍ പോളി, ആസിഫ് അലി, സാനിയ ഇയ്യപ്പന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു.
മറ്റു രാജ്യങ്ങളില്‍
ഒമാന്‍, ജോര്‍ദാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ക്ലബ് ഹൗസിന്റെ ഉപയോഗം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. 2021 ഫെബ്രുവരിയിലെ നിരോധനത്തിനുമുമ്പ് ചൈനക്കാര്‍ ഈ സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമില്‍ ആകൃഷ്ടരായിരുന്നു.
ഹോങ്കോംഗിലെ പ്രതിഷേധം, തായ്വാനിലെ രാഷ്ട്രീയനില എന്നിവ പോലുള്ള തന്ത്രപ്രധാനമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിരവധിപേര്‍ ഈ ആപ്പ് ഉപയോഗിച്ചിരുന്നു.
ആപ്പുവഴി ഭീഷണിപ്പെടുത്തല്‍, ഉപദ്രവിക്കല്‍, വര്‍ഗീയത എന്നിവ സംഭവിച്ചതുമായി ബന്ധപ്പെട്ട് പല രാജ്യങ്ങളിലും വിവാദം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇന്റര്‍നെറ്റിനെ തകര്‍ക്കുന്നു എന്ന ആരോപണം യുഎഇ ക്ലബ് ഹൗസിനെതിരേ ഉയര്‍ത്തിയിട്ടുണ്ട്. തീവ്രവാദികള്‍ക്കുള്ള സ്ഥലം എന്നാണ് ഈജിപ്ത് ഇതിനെ വിശേഷിപ്പിച്ചത്.
-അരുണ്‍ ടോം