സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്തുടനീളം ക്രൂരമായ പീഡന കേസുകളും ചീറ്റിങ്ങും കൂടിയതോടെ അന്വേഷിക്കാന്‍ പുതുവഴി തേടി പോലീസ്.
കോവിഡ് കാലത്ത് പെണ്‍വാണിഭ സംഘങ്ങളും ഹണിട്രാപ്പും തഴച്ചുവളര്‍ന്നതോടെ അന്വേഷണം തുടങ്ങിയ പോലീസിനു ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മയക്കുമരുന്നില്‍ തുടങ്ങി ടിക്ക് ടോക്ക്, ക്ലബ് ഹൗസ്, വാട്ട്സ് ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയുള്ള തന്ത്രപരമായ ഇടപെടലുകളാണ് കൊടിയ പീഡനത്തിലേക്കും മറ്റ് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കും നയിക്കുന്നത്.
തിരിച്ചറിയാത്ത ഐഡികളിൽ
രാത്രികാലങ്ങളില്‍ ഉള്‍പ്പെടെയുള്ള ചാറ്റിംഗും ക്ലബ് ഹൗസ് ഉള്‍പ്പെടെയുള്ളവയിലെ സാന്നിധ്യവും യുവതീ യുവാക്കളില്‍ വലിയൊരു വിഭാഗത്തെയും ചതിക്കുഴിയിലേക്കാണ് കൊണ്ടുചെന്നെത്തിക്കുന്നത്.
സമീപകാലത്തായി ഏറ്റവും വലിയപീഡന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേസില്‍ വില്ലനായതു സാമൂഹ്യ മാധ്യമങ്ങള്‍ തന്നെയാണ്. തിരിച്ചറിയാത്ത ഐഡികളുമായി പോലീസ് സേനയിലുള്ളവര്‍ ഇത്തരം കേസുകള്‍ നിരീക്ഷിക്കുന്നുണ്ട്.
ഇന്നലെയും കോഴിക്കോട് പീഡന കേസ് സംഭവം പുറത്തുവന്നിട്ടുണ്ട്. ഇത്തവണ വിവാഹ വാഗ്ദാനം നല്കി 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കൊല്ലം സ്വദേശിയാണ് പോലീസിന്റെ പിടിയിലായത്.
തെറ്റിദ്ധരിപ്പിച്ച്
അതേസമയം, സ്ത്രീകളുടെ നമ്പറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കഴിഞ്ഞ ദിവസം കോഴിക്കോട് വാടകവീട് കേന്ദ്രീകരിച്ച് പീഡനം നടത്തിയ സംഘം തഴച്ചുവളര്‍ന്നത്.
സ്ത്രീ ശബ്ദം കേട്ടു പലരും കെണിയില്‍ വീഴുകയായിരുന്നു. അഡ്വാന്‍സ് തുക ഗൂഗിള്‍പേ വഴി നല്കിയ ശേഷമാണ് കച്ചവടം ഉറപ്പിക്കല്‍. ഇങ്ങനെ കെണിയില്‍പ്പെട്ട വലിയൊരുസംഘം കോഴിക്കോട്ടുണ്ട്.
ഇവര്‍ക്കു സ്വന്തമായി സോഷ്യല്‍ മീഡിയ ഗ്രൂപ്പും ഉണ്ട്. എന്നാല്‍ പോലീസ് അന്വേഷണം തുടങ്ങിയതോടെ ഈ ഗ്രൂപ്പ് ഡീലേറ്റാക്കി.
പരാതിയുണ്ടായാൽ
അതേസമയം, ക്ലബ് ഹൗസ് എന്ന നൂതന സാമൂഹ്യമാധ്യമം വഴി വലിയരീതിയില്‍ യുവതീ-യുവാക്കള്‍ വശീകരിക്കപ്പെടുന്നുണ്ട്. സമീപകാലത്തായി ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ക്ലബ് ഹൗസ് വഹിക്കുന്ന പങ്കും ചെറുതല്ല.
ഈ സാഹചര്യത്തില്‍ പോലീസ് റൂമുകളിലെത്തി നിരീക്ഷിക്കും. മോഡറേറ്റര്‍മാര്‍ അടക്കമുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും.
എന്തെങ്കിലും പരാതിയോ കേസോ ഉണ്ടായാല്‍ മോഡറേറ്റര്‍മാര്‍ അടക്കമുള്ളവരുടെ വിവരങ്ങള്‍ കണ്ടെത്താനുള്ള നടപടികളുമുണ്ടാവും.
പിടിപ്പുകേടെന്ന്
രാത്രി 11 മുതലാണ് ഇത്തരം റൂമുകള്‍ സജീവമാവുന്നത്. സ്പീക്കര്‍ പാനലില്‍ സ്ത്രീകളും പുരുഷന്മാരും ധാരാളം ഉണ്ടാവും. ഓഡിയന്‍സ് പാനലിലുള്ളവരേയും ചേര്‍ത്താല്‍ ഓരോ റൂമിലും 500-നും ആയിരത്തിനും ഇടയ്ക്ക് ആള്‍ക്കാരാണ് ഇതൊക്കെ കേട്ടുകൊണ്ടിരിക്കുന്നത്.
ഇതുതന്നെ വലിയ രീതിയിലുള്ള ചീറ്റിംഗിലേക്ക് നയിക്കപ്പെടാം. അതിനാല്‍ സോഷ്യല്‍ മീഡിയരംഗത്ത് വൈദഗ്ദ്യമുള്ളവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രത്യേസംഘം രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.
പ്രത്യേകിച്ചും സമീപകാലത്തായി ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്നത് പോലീസിന്റെ പിടിപ്പുകേടാണെന്ന തരത്തില്‍ ആക്ഷേപം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍.