ഇങ്ങനെയാകണം മുഖ്യമന്ത്രി !അന്തരിച്ച കോണ്‍സ്റ്റബിളിന്റെ മകള്‍ക്ക് ശിവരാജ് സിംഗിന്റെ വിവാഹ സമ്മാനം

tഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നടന്ന ജയില്‍ചാട്ടത്തെത്തുടര്‍ന്നുണ്ടായ ആക്രമണത്തിലാണ് രാംശങ്കര്‍ യാദവ് എന്ന പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചത്. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ മകളുടെ വിവാഹാവസരത്തില്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

എന്നാല്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഒരു പടി കൂടി കടന്നു ചിന്തിച്ചു. രാംശങ്കറിന്റെ മരണം നടന്ന് ഒരു മാസം കഴിഞ്ഞ് നടന്ന അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തു. വെറുതേ തല കാണിച്ച് മുങ്ങുകയായിരുന്നില്ല അദ്ദേഹം. മറിച്ച്, രാംശങ്കറിന്റെ മകള്‍ സോണിയയെ അനുഗ്രഹിച്ച് അവള്‍ക്ക് സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തു. തീര്‍ന്നില്ല, ചടങ്ങ് നടക്കുന്ന സ്ഥലം ചുറ്റിക്കണ്ട് വിവാഹയൊരുക്കങ്ങള്‍ വിലയിരുത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.

നവംബര്‍ ഒന്നിന് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച എട്ട് സിമി പ്രവര്‍ത്തകരുമായുണ്ടായ ഏറ്റുമുട്ടലിലാണ് രാംശങ്കര്‍ യാദവ് മരണപ്പെടുന്നത്. ഇതേത്തുടര്‍ന്ന് മൂന്ന് മക്കളുള്ള അദ്ദേഹത്തിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്തിരുന്നു. അതില്‍ നിന്ന് അഞ്ച് ലക്ഷം രൂപ മകളുടെ കല്ല്യാണത്തിന് ഉപയോഗിക്കണമെന്നാണ് നിഷ്‌കര്‍ഷിച്ചിരുന്നത്.

വിവാഹവേദിയില്‍ പ്രവേശിച്ച മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ മകള്‍ എന്നാണ് വധുവിനെ അഭിസംബോധന ചെയ്തത്. സമ്മാനമായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനുള്ള അപ്പോയിന്റ്‌മെന്റ് ഓര്‍ഡറും കൈമാറി.

സോണിയയുടെ അച്ഛന് പകരക്കാരനാകാന്‍ തനിക്ക് സാധിക്കില്ലെന്നും പക്ഷേ അച്ഛന്റെ കടമകള്‍ നിറവേറ്റാന്‍ തനിക്ക് കഴിഞ്ഞുവെന്നുമാണ് ശിവരാജ് സിംഗ് തന്റെ ട്വീറ്റില്‍ കുറിച്ചിരിക്കുന്നത്.

 

Related posts