പ്രളയാനന്തരം സംസ്ഥാനത്തിന്റെ ദുരിതാശ്വാസത്തിനായി സഹായം അഭ്യര്‍ഥിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ യു എ ഇ പര്യടനം ഇന്നവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനം. വാക്കിന് വിലയില്ലാത്തവര്‍ ഏത് പദവിയില്‍ ഇരുന്നിട്ടും കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നരേന്ദ്ര മോദിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിശിത വിമര്‍ശനം. ദുബൈയില്‍ നടന്ന പൊതുപരിപാടിയിലാണ് മോദിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ പിണറായി വിജയന് ആഞ്ഞടിച്ചത്.
”നമ്മള് വാക്കിന് വിലനല്‍കുന്നവരാണല്ലോ. വാക്കിന് വിലയില്ലാതായാല്‍ ഏത് സ്ഥാനത്തിരുന്നിട്ടും കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ രാജ്യങ്ങളിലുള്ള മലയാളി സമൂഹത്തോട് കേരളത്തിന്റെ പുനര്‍നിര്‍മ്മാണ സഹായമഭ്യര്‍ത്ഥിക്കാനായി അനുമതി ചോദിച്ചപ്പോള്‍ സൗഹാര്‍ദ്ദപൂര്‍വ്വം അനുവദിച്ചിരുന്നു. എന്നാല്‍, മലയാളി സമൂഹത്തോട് മാത്രമല്ല വിദേശ രാജ്യങ്ങളിലെ വിവിധ ചാരിറ്റി ഓര്‍ഗൈസേഷനില്‍ നിന്നും സഹായം വാങ്ങാമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് യാതൊരു വിധത്തിലുള്ള മറുപടിയും ലഭിക്കാതായി”. മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാര്‍ക്ക് വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനാനുമതി തടഞ്ഞ നടപടിയാണ് പിണറായിയെ പ്രകോപിപ്പിച്ചത്. എല്ലാ സഹായവും വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി പിന്നീട് വാക്കുമാറിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം :
കേരളത്തിന് സഹായം സ്വരൂപിക്കാന്‍ മന്ത്രിമാരുടെ വിദേശയാത്രക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്കാല്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പറഞ്ഞവാക്ക് പ്രധാനമന്ത്രി പാലിച്ചില്ല. വ കേരള നിര്‍മ്മാണത്തിനായി പിന്തുണ തേടി ദുബായ് അല്‍ നാസര്‍ ലീഷര്‍ ലാന്‍ഡില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിച്ചു.
പ്രധാനമന്ത്രിയെ നേരിട്ട് കണ്ടാണ് മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി തേടിയത്. ലോകത്തെങ്ങുമുള്ള പ്രവാസി മലയാളികളെ നേരിട്ട് കണ്ട് സഹായം തേടാമെന്നാണ് പ്രധാനമന്ത്രിയോട് പറഞ്ഞത്. ഇക്കാര്യങ്ങളോട് അനുകൂലമായി പ്രതികരിച്ച പ്രധാനമന്ത്രി ചാരിറ്റി സംഘടനകളെയും കാണാമെന്നു പറഞ്ഞു. എന്നാല്‍ പിന്നീട് മന്ത്രിമാരുടെ യാത്രക്ക് അനുമതി നിഷേധിച്ചു. ഇത് എന്ത് കൊണ്ടാണെന്ന് മനസിലാകുന്നില്ല.
പ്രളയദുരന്തത്തില്‍ കേരളത്തെ സഹായിക്കാന്‍ പലരാജ്യങ്ങളും സ്വയമേവ തയ്യാറായിട്ടും ആ സഹായം സ്വീകരിക്കാന്‍ കേന്ദ്രം അനുവദിച്ചില്ല. പ്രധാനമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്ത് ദുരന്തത്തില്‍ വിദേശസഹായം വാങ്ങിയിരുന്നു. എന്നാല്‍ നമ്മുടെ കാര്യം വന്നപ്പോള്‍ നമുക്കാര്‍ക്കും മനസ്സിലാകാത്ത നിലപാട്സ്വീകരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്.
കേരളം ആരുടെ മുന്നിലും തോല്ക്കാന് തയ്യാറല്ല. നമുക്ക് നമ്മുടെ നാട് പുനര്‍നിര്‍മ്മിച്ചേ മതിയാകൂ. നവകേരളം സൃഷ്ടിക്കുന്നത് തടയാമെന്ന് ആരും കരുതേണ്ട. പ്രവാസി മലയാളികള്‍ നമ്മുടെ നാടിന്റെ കരുത്താണ്. അവരില്‍ വലിയ വിശ്വാസമുണ്ട്. എല്ലാ പ്രവാസികളും നാടിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളാകണം.