അനിൽ തോമസ്
കൊച്ചി: ബ്രഹ്മാണ്ഡ ബാഹുബലിക്ക് പിന്നാലെ റോക്കിയായും എത്തി ഡബ്ബിംഗ് രംഗത്തെ താരമായി മാറുകയാണ് പറവൂർ ഏഴിക്കര സ്വദേശിയായ സി.എം.അരുൺ. തെലുങ്കിൽ നിന്നുള്ള പുതിയ മൊഴിമാറ്റ ചിത്രമായ കെജിഎഫിൽ നടൻ യാഷ് അവതരിപ്പിച്ചിരിക്കുന്ന നായക കഥാപാത്രമായ റോക്കിക്കാണ് അരുണ്‍ തന്റെ ശബ്ദം നൽകിയിരിക്കുന്നത്.
വീരനായകൻമാർക്ക് എന്നപോലെ പ്രണയ നായകൻമാർക്കും ഒരുപോലെ ചേരുന്നു എന്നതാണ് അരുണിന്റെ ശബ്ദത്തെ മൊഴിമാറ്റ സിനി മകളിൽ ശ്രദ്ധേയമാക്കുന്നത്. കാമുകനും വീരയോദ്ധാവിനും ഒക്കെ ജീവസുറ്റ കഥാപാത്രങ്ങളെ സമ്മാനിക്കുന്നതിൽ അരുണിന്റെ ശബ്ദത്തിന്റെ പങ്ക് വലുതാണ്.
ഡബ്ബിംഗ് രംഗത്ത് പത്ത് വർഷത്തെ പരിചയമുള്ള അരുണ്‍ അശ്വാരുഢനിൽ ശബ്ദം നൽകിയാണ് ഈ രംഗത്തേക്ക് കടന്നുവന്നത്. മാടന്പിയിൽ മോഹൻലാലിന്റെ കുട്ടിക്കാലം അഭിനയിച്ച അശ്വിൻ മേനോനു ശബ്ദം നൽകിയതോടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പ്രാഞ്ചിയേട്ടൻ, കീർത്തിചക്ര, കുരക്ഷേത്ര, ജോർജേട്ടൻസ് പൂരം, പുത്തൻപണം, സണ്‍ഡേ ഹോളിഡേ തുടങ്ങിയ ചിത്രങ്ങളിൽ ശബ്ദം നൽകി. പൃഥ്വിരാജ്, ജയസൂര്യ, ആസിഫ് അലി എന്നിവരുടെ ട്രാക്ക് വോയ്സും അരുണ്‍ ആണ് ചെയ്യുന്നത്.
മൊഴിമാറ്റ ചിത്രങ്ങളിലെ പ്രധാന കഥാപത്രങ്ങൾക്കു ശബ്ദം നൽകിയതാണ് അരുണിനെ ബാഹുബലിപോലൊരു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമാക്കാൻ അവസരമുണ്ടായത്. ഹിറ്റ് ചിത്രമായ ഈച്ചയിൽ നാനി അവതരിപ്പിച്ച കഥാപാത്രത്തിന് ശബ്ദം നൽകി മൊഴിമാറ്റ ചിത്രങ്ങളിൽ സാന്നിധ്യം ഉറപ്പിച്ചു. പ്രഭാസിന്റെ മിർച്ചിയിൽ ശബ്ദം നൽകിയതോടെ ബാഹുബലിയിലേക്കുള്ള വാതായനങ്ങൾ തുറന്നു. അന്യഭാഷാ ചിത്രങ്ങളെ മലയാളിക്ക് സ്വന്തംഭാഷയിൽ പരിചിതമാക്കിയ മങ്കൊന്പ് ഗോപാലകൃഷ്ണനുമായുള്ള അടുത്ത ബന്ധവും മൊഴിമാറ്റ ചിത്രങ്ങളിലെ സ്ഥിരം ശബ്ദമാകാൻ അരുണിന് അവസരമൊരുക്കി.
ബാഹുബലി ഒന്നാം ഭാഗത്തിൽ ശിവയ്ക്ക് ശബ്ദം നൽകിയതെങ്കിൽ രണ്ടാം ഭാഗത്തിൽ അച്ഛൻ മഹേന്ദ്ര ബാഹുബലിക്കും മകൻ അമരേന്ദ്ര ബാഹുബലിക്കും ശബ്ദം നൽകാൻ അവസരം കിട്ടിയതാണ് അരുണിന്റെ കരിയറിലെ വലിയ നേട്ടം. അൻപതോളം മൊഴിമാറ്റ ചിത്രങ്ങൾക്ക് അരുണ്‍ ഇതിനോടകം ശബ്ദം നൽകി.
ശ്രദ്ധേയമായ ഒട്ടേറെ പരസ്യചിത്രങ്ങൾക്കും സീരിയലുകൾക്കും പിന്നിലും അരുണിന്റെ ശബ്ദമുണ്ട്. കല്യാണ്‍സ് സിൽക്സ്, മലബാർ ഗോൾഡ്, ഭീമ ജൂല്ലറി എന്നിവയുടെ പരസ്യങ്ങളിൽ ശബ്ദം അരുണിന്റേതാണ്.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്നു തീയറ്ററിൽ എംഎയും കോട്ടയം എംജി സർവകലാശാലയിൽ നിന്നു തീയറ്ററിൽ എംഫിലും പൂർത്തിയാക്കിയ അരുണ്‍ നല്ലൊരു നാടക കലാകാരൻകൂടിയാണ്. ഒട്ടേറെ നാടകങ്ങളിലും സിനിമകളിലും സീരിയലുകളിലും ഇതിനൊടകം തന്നെ അഭിനയിച്ചു കഴിഞ്ഞു. ഓൾ ഇന്ത്യ റേഡിയോ കൊച്ചി സ്റ്റേഷനിൽ കാഷ്വൽ അനൗണ്സർ ആയിരിക്കെ നിരവധി റേഡിയോ നാടകങ്ങൾക്കും അരുണ്‍ ശബ്ദം നൽകി. പറവൂർ ഏഴിക്കര സ്വദേശികളായ സി.കെ. മുരളീധരന്റെയും ജെ.രാധാമണിയുടെയും മകനാണ്.