സ്വന്തം ലേഖകന്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്നും തുടരുന്നു. ഇന്നലെ പന്ത്രണ്ടര മണിക്കൂർ അദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെ 9.30ഓടെയാണ് വീണ്ടും ചോദ്യംചെയ്യലിനായി സി.എം. രവീന്ദ്രൻ കൊച്ചിയിലെ ഓഫീസിൽ ഹാജരായത്.
സ്വർണക്കടത്ത് കേസിൽ രവീന്ദ്രന്റെ ഇടപെടല്‍ സംശയാസ്പദമെന്നാണ് എൻഫോഴ്സ്മെന്റ് വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് പ്രതികളായ സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികളുമായി ശക്തമായ ബന്ധം കാത്തു സൂക്ഷിക്കുന്ന രവീന്ദ്രന് ശിവശങ്കറുമായി ചേര്‍ന്നു നടത്തിയ ബിസിനസിനെക്കുറിച്ചും ഇടപെടലുകളെക്കു റിച്ചും ഇഡിക്കു സംശയമുണ്ട്.
ഈ കേസുകളില്‍ രവീന്ദ്രന്റെ ഇടപെടലാണ് സംശയം ഉയര്‍ത്തുന്നത്. ഇന്നലെ രാവിലെ പത്തരമുതല്‍ രാത്രി 11 വരെ പന്ത്രണ്ടര മണിക്കൂറാണ് ചോദ്യം ചെയ്തത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ മാത്രമല്ല, ഹവാല കേസുകളും ഡോളര്‍ ഇടപാടുകളും ബിനാമിയും ചോദ്യാവലിയില്‍ കയറി വന്നു.
എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറുന്ന പ്രവണതയാണ് രവീന്ദ്രന് സ്വീകരിച്ചത്. മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച രവീന്ദ്രനു പല ചോദ്യങ്ങള്‍ക്കു ഉത്തരം നല്കാന് പോലും സാധിച്ചില്ല.
മതിയായ വിശ്രമം നല്‍കിയാണ് ചോദ്യം ചെയ്യല്‍ നടത്തിയത്. രവീന്ദ്രനെ വിട്ടയച്ചെങ്കിലും ക്ലീന്‍ചിറ്റ് നല്കാന് ഇഡി തയാറായിട്ടില്ല. രവീന്ദ്രന്റെ ഉത്തരങ്ങളും രേഖകളും എല്ലാ പരിശോധിച്ചശേഷം ഇഡി തീരുമാനമെടുക്കും. ഇതു സംബന്ധിച്ചു ഇഡി ഉന്നതതല ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ച നടത്തും.
ഉന്നതരെ തൊട്ടില്ല
സര്‍ക്കാര്‍ പദ്ധതികളില്‍ രവീന്ദ്രന്-ശിവശങ്കര്‍ അച്ചുതണ്ടിനാണ് നിയന്ത്രണമുണ്ടായിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. എന്നാല്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച നോട്ടീസില്‍ ഏതു വിഷയത്തിലാണ് ചോദ്യം ചെയ്യുന്നതെന്നു വെളിപ്പെടുത്തിയിരുന്നില്ല.
അതു കൊണ്ടു രവീന്ദ്രന് സ്വര്‍ണക്കടത്ത് കേസില്‍ മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കേണ്ടിവന്നു. എന്നാല്‍ എല്ലാ ചോദ്യങ്ങള്‍ക്കു ഉത്തരം നല്കുമ്പോഴും ഉന്നതരെ രക്ഷിച്ചെടുക്കാനുള്ള ശ്രമവും രവീന്ദ്രന്റെ ഭാഗത്തു നിന്നും ഉണ്ടായി എന്നറിയുന്നു.
തീരെ അവശനിലയിലാണ് രവീന്ദ്രന് ഇഡിക്കു മുന്നിലിരുന്നത്. എന്നാല്‍ പല സംഭവങ്ങളിലും മുഖ്യമന്ത്രി, പാര്ട്ടിനേതാക്കള്എന്നിവരെ ബാധിക്കുന്ന ഒരു വിഷയത്തിലും രവീന്ദ്രന് മനസ് തുറന്നില്ല.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തന രീതി വിശദമായ ചോദ്യത്തിനു ഇടയാക്കി. എന്നാല്‍ എല്ലാ കാര്യവും മുഖ്യമന്ത്രി അറിയണമെന്നില്ല എന്ന നിലയിലാണ് ഉത്തരം നല്‍കിയത്.
മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളക്കടത്തുമായും അനധികൃത ഇടപാടുകളുമായും ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം ശക്തമായിരിക്കെയാണ് രവീന്ദ്രന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ അഭിമുഖീകരിച്ചത്.
ഇഡിയും മറ്റു ഏജന്‍സികളും സ്വപ്നയ്ക്കു മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം വ്യക്തമാക്കാന്‍ രവീന്ദ്രനോട് ആവശ്യപ്പെട്ടു. റിവേഴ്സ് ഹവാല മോഡലില്‍ വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ കൂടുതല്‍ മന്ത്രിമാരും ഭരണഘടന ചുമതലയുള്ള ഉന്നതനും സംശയനിഴലിലായിരിക്കെയാണ് രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായതെന്ന പ്രത്യേകതയുണ്ട്.
തെളിവുകൾ ഇനിയും വേണം
വിദേശത്തേക്കുള്ള ഡോളര്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഡോളര്‍കടത്ത് കേസില്‍ മാപ്പ് സാക്ഷികളായി പരിഗണിക്കപ്പെട്ട സരിത്തിന്റെയും സ്വപ്നസുരേഷിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് സി.എം. രവീന്ദ്രനെ ഇഡി ചോദ്യംചെയ്തത്.
രവീന്ദ്രനു ഹവാല ഇടപാടുകളിലോ കള്ളക്കടത്തിലോ ലൈഫ് കോഴയിലോ ഉള്ള ബന്ധങ്ങള്‍ മനസിലാക്കുന്നതിനൊപ്പം മന്ത്രിമാര്‍ ഉള്‍പ്പെടെ രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തിലെ കൂടുതല്‍ പേര്‍ക്ക് ഇടപാടുകളില്‍ പങ്കുണ്ടോയെന്നും ഇഡി കണ്ടെത്തേണ്ടതുണ്ട്.
ഇതിനായി മൊബൈല്‍ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍, വാട്ട്സ് ആപ് ചാറ്റുകള്‍, ബാങ്ക് ഇടപാടുകളെപ്പറ്റിയുളള വിവരങ്ങള്‍ തുടങ്ങിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു ഇഡി നല്കിയ നാലാമത്തെ നോട്ടീസ് കൈപ്പറ്റിയ സി.എം. രവീന്ദ്രന് ചോദ്യം ചെയ്യലില്‍നിന്നും രക്ഷപ്പെടാന്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടയില്‍ ഉണ്ടായ കോടതി നിരീക്ഷണത്തോടെ രവീന്ദ്രന് ഇഡിക്കു മുന്നില്‍ ഹാജരാകാന്തീരുമാനിക്കുകയായിരുന്നു.
ഇന്നലെ രാവിലെ കൊച്ചിയില്‍ ഇഡിക്കു മുമ്പാകെ ഹാജരായതിനു പിന്നാലെയാണ് ഹര്‍ജി തള്ളി കൊണ്ടു കോടതി വിധിയും വന്നത്. നിരന്തരം നോട്ടീസുകള്‍ നല്കി ഇഡി ബുദ്ധിമുട്ടിക്കുന്നുവെന്നും, തന്നെ കസ്റ്റഡിയില്‍ എടുക്കുന്നത് വിലക്കണമെന്നും, ഇഡി ചോദ്യം ചെയ്യുമ്പോള്‍ അഭിഭാഷകസാന്നിധ്യം വേണമെന്നുമാണ് രവീന്ദ്രന് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രവീന്ദ്രന്റെ ആവശ്യങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു.