മുഖ്യമന്ത്രി പിണറായി വിജയന്റെ കമന്‍ഡോ വാഹിദ് കോളജ് വിദ്യാര്‍ഥിയെ തല്ലിച്ചതച്ചത് കഞ്ചാവ് കൊടുക്കാത്തതിനാല്‍, വാര്‍ത്ത പുറത്തായതോടെ ഒതുക്കാനുള്ള ശ്രമം, കുട്ടി മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍

മുഖ്യമന്ത്രിയുടെ കമാന്‍ഡോ സംഘത്തിലെ ഉദ്യോഗസ്ഥനും സുഹൃത്തുക്കളും ചേര്‍ന്ന് കോളജ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പരാതി. മലപ്പുറം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ കൊരങ്ങന്‍ചോലയിലാണ് സംഭവം നടന്നത്. കമാന്‍ഡോ സംഘത്തിലെ ഉദ്യോഗസ്ഥനായ വാഹിദും ഏഴംഗ സുഹൃത്ത് സംഘവും ചേര്‍ന്ന് യദുകൃഷ്ണന്‍ എന്ന വിദ്യാര്‍ഥിയെയാണ് മര്‍ദ്ദിച്ചവശനാക്കിയത്. കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. വിനോദസഞ്ചാര കേന്ദ്രമായ കൊരങ്ങന്‍ചോലയില്‍ എത്തിയ വാഹിദും സംഘവും യദുകൃഷ്ണനോടും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനോടും സിഗററ്റ് ചോദിച്ചു. വിദ്യാര്‍ഥികള്‍ ഇല്ലെന്ന് അറിയിച്ചപ്പോള്‍ കഞ്ചാവ് ഉണ്ടോയെന്നായി ചോദ്യം. ഇതൊന്നും തങ്ങളുടെ പക്കലില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞതോടെ ഇരുവരും വന്ന സ്‌കൂട്ടര്‍ പരിശോധിക്കണമെന്നായി വാഹിദിന്റെ ആവശ്യം.

വിദ്യാര്‍ഥികള്‍ വഴങ്ങാതിരുന്നതോടെ മദ്യലഹരിയിലായിരുന്ന വാഹിദ് യദുകൃഷ്ണനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വയറിനും നാഭിക്കും കൈകള്‍ക്കും ക്ഷതമേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. അക്രമത്തിനെതിരേ വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ മഞ്ചേരി പോലീസില്‍ പരാതി നല്‍കി. പോലീസ് വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി പഞ്ചായത്തംഗത്തിന്റെ മകനാണ്.

അതേസമയം വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച വാഹിദ് എന്ന കമാന്‍ഡോയ്‌ക്കെതിരേ നടപടിയുണ്ടായേക്കുമെന്നാണ് വിവരം. സംഭവം ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. എന്നാല്‍ ഇയാളെ രക്ഷിക്കാന്‍ ചില ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മാതാപിതാക്കളും പ്രദേശവാസികളും രംഗത്തുവന്നിട്ടുണ്ട്.

Related posts