എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: രാത്രി പകലാക്കി രക്ഷാ പ്രവർത്തനം. കേരളം കണ്ട ഏറ്റവും വലിയ രക്ഷാ പ്രവർത്തനത്തിനാണ് ഇന്നലെ പകലും രാത്രിയും സാക്ഷ്യം വഹിച്ചത്. രക്ഷാ പ്രവർത്തനത്തെ ഏകോപിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസും. മുഖ്യമന്ത്രിയുടെ ഒന്നാം നന്പർ ഓഫീസ് ഇന്നലെ പ്രവർത്തിച്ചത് എണ്ണയിട്ട യന്ത്രംപോലെയാണ്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനാണ് രക്ഷാ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം രക്ഷാ പ്രവർത്തനത്തിന്റെ എല്ലാ മേഖലകളിലും എം. വി ജയരാജന്റെ ശ്രദ്ധയുണ്ടായിരുന്നു.
പകലും രാത്രിയും അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസിൽ തങ്ങി പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ടിരുന്നു. എ.വി.ജയരാജനെ കൂടാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനും മറ്റ് ഉദ്യോഗസ്ഥരും ജീവനക്കാരും ഇന്നലെ രാത്രി മുഴുവനും ഓഫീസിൽ തന്നെയാണ് കഴിച്ചു കൂട്ടിയത്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററിലേയ്ക്ക് ഓരോ മണിക്കൂറിനുള്ളിലും ആയിരത്തിനും രാണ്ടായിരത്തിനും ഇടിയിലാണ് രക്ഷിക്കണമേ എന്നു അപേക്ഷിച്ചുകൊണ്ടുള്ള ഫോൺ കോളുകൾ വന്നു കൊണ്ടിരുന്നത്.
വിളിക്കുന്നവരുടെ വിവരങ്ങൾ കൃത്യമായി എഴുതി രക്ഷാ പ്രവർത്തകർക്ക് ഉടൻ തന്നെ കൈമാറിക്കൊണ്ടിരുന്നതിനാൽ അപകട മുനന്പിൽപ്പെട്ട ആയിരങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ രക്ഷാത്തുരുത്തായത്. ഇപ്പോഴും കൃത്യമായ ഇടപെടലുമായി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പായ സി.എം മീഡിയയിലേയ്ക്ക് രക്ഷിക്കണമേ എന്നു അപേക്ഷിച്ചുകൊണ്ടുള്ള സന്ദേശങ്ങളുടെ കുത്തൊഴുക്കായിരുന്നു. മാധ്യമ സ്ഥാപനങ്ങളും പ്രളയക്കെടുതിയിൽപ്പെട്ടവരെ രക്ഷിക്കാൻ മാതൃകാപരമായ പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസിലും പ്രത്യേക കൺട്രോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ നിന്നും കൃത്യമായ ഇടപെടലുകൾ ഉണ്ടാകുന്നുണ്ട്. റവന്യൂ മന്ത്രിയുടെ ഓഫീസും സമയോചിതമായ ഇടപെടലുകൾ തുടരുകയാണ്.
അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ കേരളം കൈയ് മെയ് മറന്നു പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്രസേന പോലീസ്,ഫയർഫോഴ്സ്, മിലിട്ടറി, ദുരന്തനിവാരണ സേന, റവന്യൂ ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനാ പ്രവർത്തകർ നാട്ടുകാർ തുടങ്ങി എല്ലാപേരും മഹാ പ്രളയത്തിൽപ്പെട്ടവരെ രക്ഷിക്കാൻ അഹോരാത്രം ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. വിമർശനങ്ങൾക്ക് ഇടനൽകാതെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒത്തൊരുമിച്ച് തന്നെയാണ് പ്രവർത്തിക്കുന്നത്.
പ്രധാനമന്ത്രി ഇന്നു കൊച്ചിയിലെത്തുന്നുണ്ട്. ദുരന്തനിവരാണ പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തും. കേരളത്തിന് കൂടുതൽ സാന്പത്തിക സഹായം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. രാഷ്ട്രീയ നേതൃത്വങ്ങളും ഒറ്റക്കെട്ടായി നിൽക്കുന്നത് രക്ഷാ പ്രവർത്തനങ്ങൾ വേഗത്തിലായിട്ടുണ്ട്.