തിരുവനന്തപുരം: പൂഞ്ഞാർ സെന്റ് മേരീസ് ഫൊറാന പള്ളിയിലെ വൈദികൻ ഫാ.ജോസഫ് ആറ്റുചാലിലിനെതിരേ നടന്ന ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്.
പൂഞ്ഞാർ സംഭവത്തിൽ അറസ്റ്റിലായവർ കാട്ടിയത് തെമ്മാടിത്തമെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളുമായി നടത്തിയ മുഖാമുഖത്തിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
എന്തു തെമ്മാടിത്തമാണ് യഥാർഥത്തിൽ അവിടെ നടന്നത്. ആ വൈദികന് നേരെ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. വൈദികൻ രക്ഷപെടുകയായിരുന്നു. ചെറുപ്പക്കാരുടെ സെറ്റ് എന്ന് പറയുമ്പോൾ എല്ലാവരും ഉണ്ടാകുമെന്ന് അല്ലേ നമ്മൾ കരുതുക. എന്നാൽ കേസിൽ ഉൾപ്പെട്ടവരെല്ലാം മുസ്ലിം വിഭാഗക്കാർ മാത്രമായിരുന്നുവെന്നും അല്ലാതെ ഒരു വിഭാഗത്തെ തെരഞ്ഞുപിടിച്ചതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൂഞ്ഞാർ സംഭവത്തിൽ മുസ്ലിം വിഭാഗത്തെ മാത്രം പ്രതി ചേർത്തുവെന്ന വിമർശനത്തോടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. മുസ്ലിം പണ്ഡിതനും ഓൾ ഇന്ത്യ ഇസ്ലാഹി മൂവ്മെന്റ് ജനറൽ സെക്രട്ടറിയും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംസ്ഥാന കോർഡിനേറ്ററുമായ ഹുസൈൻ മടവൂരാണ് മുഖാമുഖത്തിൽ വിഷയം ഉന്നയിച്ചത്.
ഹുസൈൻ മടവൂരിനെപ്പോലെ ഉള്ളവർ വലിയ സ്ഥാനങ്ങളിൽ ഇരിക്കുന്നവരല്ലേ, ഇത്തരം തെറ്റായ ധാരണകൾ വച്ച് പുലർത്തരുത്. പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടാകും. ശ്രദ്ധയിൽപ്പെടുത്തിയാൽ നടപടിയെടുക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഫെബ്രുവരി 23ന് വൈകിട്ടായിരുന്നു സംഭവം. പള്ളിയിൽ ആരാധന നടക്കുന്ന സമയത്ത് ഒരു സംഘം യുവാക്കൾ പള്ളി പരിസരത്തേക്ക് വാഹനം കയറ്റി റേസ് ചെയ്യിപ്പിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത എത്തിയ അസി. വികാരി ഫാ.ജോസഫിനെതിരേ പ്രതികൾ വാഹനം ഇടിപ്പിച്ചുകയറ്റാൻ ശ്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ വൈദികനെ ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ പ്രായപൂർത്തിയാകാത്തവർ വരെ പ്രതികളായിരുന്നു. സംഭവത്തിനെതിരേ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും രൂക്ഷമായ വിമർശനം ഉയരുകയും ചെയ്തിരുന്നു.