തിരുവനന്തപുരം: ഡിസംബർ രണ്ടിനു ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിനു മുന്‍പ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശ്രമം പാളുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പു സ്വർണക്കടത്തു കേസ് വീണ്ടും സജീവ ചർച്ചാവിഷയമാക്കാനുള്ള തുറുപ്പു ചീട്ടായിരുന്നു സി.എം.രവീന്ദ്രൻ.
രവീന്ദ്രനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനു തന്നെയും അതു വലിയ ക്ഷീണമായി മാറുമായിരുന്നു. കോവിഡിനെ മുന്നോട്ടുവച്ചു ചോദ്യം ചെയ്യലിനു ചെക്കു പറഞ്ഞിരിക്കുകയാണ് രവീന്ദ്രൻ.
കോവിഡ് ബാധിതനാണെന്ന് അറിയിച്ചതോടെ അദ്ദേഹത്തെ ചോദ്യം ചെയ്യാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശ്രമം പാളി.
കോവിഡ് മുക്തനായ ശേഷം വീണ്ടും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതിനിടെ അദ്ദേഹം വീണ്ടും ചികിത്സ തേടി.
കോവിഡാനന്തര പ്രശ്നങ്ങളെത്തുടർന്നാണ് സി.എം രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ പ്രവേശിച്ചത്. ഇന്നു ചോദ്യംചെയ്യലിനു ഹാജരാകാനാണ് ഇഡി നോട്ടീസ് നല്‍കിയിരുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പു വരെ അദ്ദേഹം ചികിത്സകളുമായി തുടരുമോയെന്ന ആകാംക്ഷയാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ ഉള്ളത്.
നവംബര്‍ ആറിനു ചോദ്യംചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി രവീന്ദ്രനു നോട്ടീസ് നല്‍കിയിരുന്നെങ്കിലും അടുത്ത ദിവസം അദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
കോവിഡ് ഭേദമായി ആശുപത്രി വിട്ടതിനുശേഷം കോവിഡാനന്തര ചികിത്സയ്ക്കായി വീണ്ടും ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു.
രവീന്ദ്രൻ രണ്ടു തവണയും ഹാജരാകാത്തത് ഇഡിയെ കുഴയ്ക്കുന്നുണ്ട്. ശിവശങ്കരൻ കസ്റ്റഡിയിലുള്ളപ്പോൾത്തന്നെ രവീന്ദ്രനെയും ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് ഇഡി.
ശിവശങ്കരനും രവീന്ദ്രനും തമ്മിലുള്ള ആശയ വിനിമയങ്ങളുടെ ഡിജിറ്റൽ രേഖകൾ ഇഡിയുടെ കൈവശമുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള ശ്രമമാണ് ഇഡി നടത്തുന്നത്.
ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജ് പേ വാർഡിലാണ് സി.എം. രവീന്ദ്രൻ ചികിത്സയിൽ കഴിയുന്നത്. മെഡിക്കൽ രേഖകൾ ഇഡിക്കു കൈമാറിയിട്ടുണ്ട്.
അതേസമയം, സി.എം രവീന്ദ്രന്റെ ആരോഗ്യനില തൃപ്തികരമാണെന്നു മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.ഷർമദ് രാഷ്ട്രദീപികയോടു പറഞ്ഞു.
രണ്ടു ദിവസത്തിനുള്ളിൽ രവീന്ദ്രനെ ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ടെന്നും മെഡിക്കൽ ബോർഡ് കൂടിയ ശേഷം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, രവീന്ദ്രൻ കോവിഡ് ബാധിച്ചിരുന്നോയെന്ന സംശയം തന്നെ ഉയർത്തി പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്.
കോവിഡ് ഉണ്ടായിരുന്നോ എന്നറിയാൻ ആന്റിബോഡി ടെസ്റ്റിനു വിധേയനാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.