കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാട് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് സംഘം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഇന്നു നോട്ടീസ് അയച്ചേക്കും.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുക. അഞ്ചുദിവസത്തെ സമയം കൊടുത്താണ് സാധാരണനിലയില്‍ നോട്ടീസ് അയയ്ക്കുന്നത്.
ഡിസംബര്‍ രണ്ടിനുള്ളില്‍ ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. നേരത്തെ രവീന്ദ്രനെ വിളിപ്പിച്ചിരുന്നെങ്കിലും കൊവിഡ് ബാധയെത്തുടര്‍ന്ന് ഹാജരാകാനായില്ല.സ്വര്‍ണക്കള്ളക്കടത്തില്‍ ശിവശങ്കറിന് മാത്രമല്ല,
മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചിലര്‍ക്കുകൂടി അറിവുണ്ടായിരുന്നെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയതായി ഇഡി കോടതിയെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.
പ്രധാനമായും ഇഡി അന്വേഷിക്കുന്നതു കരാറുമായി ബന്ധപ്പെട്ട കേസാണ്. കരാറിന്റെ കാര്യം ആരാണ് നോക്കുന്നത്. എങ്ങനെയാണ് ഒരു പ്രത്യേക കമ്പനിക്കുമാത്രം കരാര്‍ ലഭിക്കുന്നത്.
32 ഓളം ലൈഫ് മിഷന് കരാറുകളില്‍ 26 എണ്ണം ലഭിച്ചിരിക്കുന്നതു യൂണിടാക് കമ്പനിക്കും ഹൈദരാബാദിലെ മറ്റൊരു കന്പനിക്കുമാണ്. ഈ കമ്പനിയില്‍ സിപിഎം നേതാക്കളുടെയും മക്കളുടെയും ബിനാമി ഇടപാടുകളുമുണ്ട്.
ബിനാമി ഇടപാടുകളും പൊളിച്ചടുക്കാനാണ് തീരുമാനം.മുഖ്യമന്ത്രി പിണറായി വിജയനുമായും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായും അടുത്ത ബന്ധമുള്ളയാളാണ് സി.എം. രവീന്ദ്രന്.
സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം, എം. ശിവശങ്കറുമായി നടത്തിയ ഇടപാടുകള്‍, കെ ഫോണ്‍ ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികളില്‍ ചെലുത്തിയ സ്വാധീനം എന്നിവയാണ് സി.എം. രവീന്ദ്രനില്‍നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തേടുന്ന വിവരങ്ങള്‍.
സ്വപ്ന സുരേഷും ശിവശങ്കറും രവീന്ദ്രനും ചേര്‍ന്നു സംഘടിതമായി നടത്തിയ പല ബിസിനസിനെ കുറിച്ചും ബിനാമി ഇടപാടുകളെ കുറിച്ചും ചോദ്യം ഉയരാന്‍ സാധ്യതയുണ്ട്.