കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരായി. തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിനു പിന്നാലെ വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹം ഹാജരായത്.
ചോദ്യം ചെയ്യലിൽ ഇളവു തേടി രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അതിലെ വിധിക്ക് കാത്തുനിൽക്കാതെ രാവിലെ 8.50 ഓടെ ഇഡി ഓഫീസിൽ എത്തുകയായിരുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ചോദ്യം ചെയ്യൽ മണിക്കൂറുകളോളം നീളുന്നത് ഒഴിവാക്കണമെന്നും ചോദ്യം ചെയ്യാൻ സമയപരിധി നിശ്ചയിക്കണമെന്നുമാവശ്യപ്പെട്ടു രവീന്ദ്രൻ നൽകിയ ഹർജിയിൽ വാദം പൂർത്തിയായിരുന്നു.
ഹർജിയിലെ ഇടക്കാല ആവശ്യമായ സ്റ്റേ അനുവദിക്കാൻ കോടതി തയാറായിരുന്നില്ല.സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസുകളിൽ ഡിസംബർ 17നു ചോദ്യംചെയ്യലിന് ഹാജരാകാൻ രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു.
തുടർന്നാണ് ചോദ്യം ചെയ്യലിന് സമയം നിശ്ചയിക്കണമെന്നും അഭിഭാഷകനെ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.