കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നു മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരായി.
ഇന്ന് രാവിലെ 9.20-ന് കൊച്ചിയിലെ ഇഡി ഓഫീസിലാണ് രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായത്. മാധ്യമങ്ങൾക്കുനേരേ കൈവീശി കാണിച്ച് ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം ഇഡി ഓഫീസിലേക്ക് കയറിപ്പോയത്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനു പിന്നാലെയാണ് രവീന്ദ്രനും ലൈഫ് മിഷൻ കോഴക്കേസിൽ ഇഡിക്കു മുന്നിലെത്തുന്നത്. ശിവശങ്കർ നിലവിൽ റിമാൻഡിലാണ്.
ഇത് രണ്ടാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനായി ഇഡി രവീന്ദ്രന് നോട്ടീസ് അയയ്ക്കുന്നത്. ഫെബ്രുവരി 27 ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായി നോട്ടീസ് നൽകിയിരുന്നെങ്കിലും നിയമസഭ നടക്കുന്നതിനാൽ എത്താനാകില്ലെന്നറിയിച്ച് രവീന്ദ്രൻ നോട്ടീസിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു.
ലൈഫ് മിഷൻ അഴിമതി സംബന്ധിച്ച് രവീന്ദ്രന് മുന്നറിവോ പങ്കാളിത്തമോ ഉണ്ടോയെന്നാണ് ഇഡി പരിശോധിക്കുന്നത്. നേരത്തെ എം. ശിവശങ്കറിനു പുറമെ ഇദ്ദേഹത്തിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ, ലൈഫ് മിഷൻ സിഇഒ യു.വി. ജോസ് എന്നിവരെ ഇഡി ചോദ്യം ചെയ്തിരുന്നു.
ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളിൽ രവീന്ദ്രന്റെ പേരും പരാമർശിച്ചിരുന്നു. മൊഴികളുടെയും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇഡി ഇന്ന് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.