സ്വന്തം ലേഖകന്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് 27ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നിൽ 27ന് ഹാജരാകാൻ നിർദേശം.
ഡിസംബര്‍ രണ്ടിനുള്ളില്‍ ഹാജരാകണമെന്നാണ് അറിയിച്ചാണ് നോട്ടീസ് നൽകിയിരുന്നതെങ്കിലും 27ന് ഹാജരാകണമെന്ന് നിർദേശം നൽകിയതായി ഇഡി വൃത്തങ്ങള്‍ സൂചിപ്പിച്ചു .
കഴിഞ്ഞ ആറിനു ഹാജരാകാന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും രവീന്ദ്രനു കോവിഡ് ബാധിച്ചതു മൂലം ഇതു നടന്നില്ല. രോഗമുക്തനായതോടെയാണു വീണ്ടും നോട്ടീസ് നല്‍കിയത്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനൊപ്പം പല ഇടപാടുകളിലും രവീന്ദ്രന് പങ്കാളിയാണെന്ന് ഇഡിക്കു വിവരം കിട്ടിയിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ പല പ്രധാന തീരുമാനങ്ങള്‍ക്കു പിന്നിലും പ്രവര്‍ത്തിച്ചിരുന്ന വൃക്തി കൂടിയായിരുന്നു രവീന്ദ്രന്. ശിവശങ്കറിനെ കാണാനായി സെക്രട്ടേറിയറ്റിലെത്തിയ പല അവസരത്തിലും താന്‍ രവീന്ദ്രനെയും കണ്ടിരുന്നെന്നും
യുഎഇ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ആഘോഷ പാര്‍ട്ടികളില്‍ അദേഹം പങ്കെടുത്തതായും സ്വര്‍ണക്കടത്തുകേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷ് മൊഴി നൽകിയിട്ടുണ്ട്. സ്വപ്ന ഫോണില്‍ വിളിച്ചവരുടെ കൂട്ടത്തില്‍ രവീന്ദ്രനുമുണ്ട്.
ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച ശേഷമാണ് ഇഡി ചോദ്യംചെയ്യലിനൊരുങ്ങുന്നത്. വിസ സ്റ്റാമ്പിങ്ങുമായും സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായും ബന്ധപ്പെട്ടു രവീന്ദ്രന് വിളിച്ചിരുന്നെന്ന സ്വപ്നയുടെ മൊഴിയിലും വ്യക്തത വരുത്തും.
നയതന്ത്രബാഗേജ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉന്നതന് വിളിച്ചെന്ന കസ്റ്റംസിന്റെ വെളിപ്പെടുത്തലിനെപ്പറ്റിയും രവീന്ദ്രനോടു ചോദിച്ചറിയും. ലൈഫിലെ 26 ലൈഫ് പദ്ധതികളുടെ കരാറുകള്‍ രണ്ടു കമ്പനികള്‍ക്കാണു ലഭിച്ചത്.
ടെന്‍ഡര്‍ നടപടി ആരംഭിക്കുന്നതിനു മുമ്പു ശിവശങ്കര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. സ്വപ്നയുടെ വാട്ട്സ്ആപ്പ് ചാറ്റുകളില്‍നിന്ന് ഇത്തരം വിവരങ്ങള്‍ ലഭിച്ചിരുന്നു.
സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ചില കമ്പനികള്‍ക്കു മാത്രം ലഭിക്കുന്നതിനു പിന്നിലും ഈ മൂവര്‍സംഘത്തിന്റെ ഇടപെടലുണ്ടെന്നാണ് കണ്ടെത്തല്‍. രവീന്ദ്രനു പിന്നാലെ ഏതാനും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സെക്രട്ടറിമാരെയും ചോദ്യം ചെയ്യാനും ഇഡി തീരുമാനമെടുത്തിട്ടുണ്ട്.