പാനൂർ: സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ജനങ്ങൾ കഷ്ടപ്പെടുമ്പോൾ കുത്തക മുതലാളിമാർക്കൊപ്പമാണ് കേന്ദ്ര സർക്കാരെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി നയിക്കുന്ന സഹനസമര പദയാത്രയുടെ രണ്ടാം ദിവസം കരിയാട് പുതുശേരി പള്ളിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മോദിയുടെയും അമിത് ഷായുടെയും ലക്ഷ്യം. പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നപ്പോൾ എന്തുകൊണ്ട് മുസ് ലിം സമുദായത്തെ മാറ്റി നിർത്തിയെന്നതിന് മോദിയും അമിത് ഷായും ഇതുവരെ മറുപടി നൽകിട്ടില്ല.
എത്രയും വേഗം തെറ്റുതിരുത്താൻ കേന്ദ്ര സർക്കാർ തയാറാവണം. ഗവർണർക്കെതിരെ വിയോജിപ്പ് ഉണ്ടെന്ന് പറയുന്ന സിപിഎം ആർക്കൊപ്പമാണെന്ന് പറയണം. ഗവർണർ നടത്തുന്നത് രാഷ്ട്രീയ കളിയാണ്.ഗവർണർ നല്ലൊരു കളിക്കാരനായി മാറി.
ഗവർണറെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷ നിലപാടിനൊപ്പം നിൽക്കാത്ത സിപിഎം നിലപാട് ജനവഞ്ചനയാണെന്നും സുധീരൻ പറഞ്ഞു.
സഹസമര പദയാത്രയുടെ ഇന്നത്തെ പര്യടനം പാനൂർ ബ്ലോക്കിലാണ്.
പെരിങ്ങത്തൂർ, അണിയാരം, കീഴ്മാടം , പൂക്കോം, പാനൂർ, കൈവേലിക്കൽ, മീത്തലെ കുന്നോത്ത്പറമ്പ്, പാറാട്, കല്ലിക്കണ്ടി, തൂവക്കുന്ന് എന്നിവടങ്ങളിലെ പര്യടനങ്ങൾക്കു ശേഷം സെൻട്രൽ പൊയിലൂരിൽ സമാപിക്കും.
സമാപന സമ്മേളനം കെപിസിസി വൈസ് പ്രസിഡന്റ് ടി.സിദിഖ് ഉദ്ഘാടനം ചെയ്യും. കെപിസിസി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.