തിരുവനന്തപുരം: സംസ്ഥാനത്തു വേനൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർദേശം. പൊതുസ്ഥലങ്ങളിൽ ശുദ്ധമായ കുടിവെള്ളം ഉറപ്പ് വരുത്തണം. ഇതിനായി വിവിധ സംഘടനകളും സ്ഥാപനങ്ങളുമായി സഹകരിക്കും. തണ്ണീർ പന്തലുകൾ വ്യാപകമാക്കണമെന്നും വിവിധ വകുപ്പ് അധ്യക്ഷൻമാരുടെയും ജില്ലാ കളക്ടർമാരുടെയും യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു.
ഓട്ടോ- ടാക്സി ഡ്രൈവർമാർ, ഓണ്ലൈൻ ഭക്ഷണ വിതരണക്കാർ, ഹോട്ടലുകളുടെ മുന്നിലെ സെക്യൂരിറ്റി ജോലിക്കാർ എന്നിവർക്കു വിശ്രമകേന്ദ്രങ്ങളും കുടിവെള്ളവും ഉറപ്പാക്കണം. തൊഴിലുറപ്പു തൊഴിലാളികൾക്കു പുതുക്കിയ സമയക്രമം ഉറപ്പുവരുത്തുന്നതിനൊപ്പം ആവശ്യമായ വിശ്രമവും കുടിവെള്ളവും ലഭ്യമാക്കണം. ടൂറിസ്റ്റുകൾക്കിടയിൽ ഉഷ്ണതരംഗ ജാഗ്രതാനിർദേശം എത്തിക്കണം. വേനൽമഴ ലഭിക്കുന്നതിനാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വൈകുന്നേരത്തെ ചൂടിൽ കുറവുണ്ടാകുമെങ്കിലും ജാഗ്രതയിൽ കുറവുവരരുത്.
ഉഷ്ണതരംഗം മറികടക്കാനുളള നിർദേശങ്ങളും സന്ദേശങ്ങളും തദ്ദേശ തലത്തിൽ നടപ്പാക്കണം. ഉഷ്ണതരംഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്കു താലൂക്ക് ആശുപത്രികളിൽ ചികിത്സാ സൗകര്യം നിലവിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ പ്രാഥമിക ശുശ്രൂഷ നൽകുന്നതിനുള്ള നടപടികളുമെടുക്കും.
തീപിടിത്ത സാധ്യതാ പ്രദേശങ്ങൾ മുൻകൂട്ടി മനസിലാക്കി നടപടി സ്വീകരിക്കും. ജലക്ഷാമം പരിഹരിക്കാൻ പ്രാദേശിക തലത്തിൽ നടപടി എടുക്കണം. ജലസംഭരണികൾ ശുചീകരിച്ചും വേനൽ മഴയിലൂടെയുള്ള ജലം സംഭരിച്ചും പ്രതിസന്ധി പരിഹരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.