കൽപ്പറ്റ: കഷ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാൻ സിആർപിഎഫിലെ ഹവിൽദാർ വി.വി. വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഇന്ന് രാവിലെ 8.50നാണ് തൃക്കൈപ്പറ്റ മുക്കംകുന്നിലെ വാഴക്കണ്ടി തറവാട്ടിൽ മുഖ്യമന്ത്രി, മന്ത്രിമാരായ ഇ.പി. ജയരാജനും രാമചന്ദ്രൻ കടന്നപ്പള്ളിക്കുമൊപ്പം സന്ദർശനം നടത്തിയത്.
വസന്തകുമാറിന്റെ ഭാര്യ ഷീനയ്ക്ക് ജോലി വാഗ്ദാനവും മുഖ്യമന്ത്രി നൽകി. വെറ്ററിനറി കോളജിലെ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിലെ താത്കാലിക ജോലി സ്ഥിരപ്പെടുത്തിനൽകാമെന്നും അതല്ല കേരളപോലീസിൽ എസ്ഐ ആയി ജോലി ചെയ്യാൻ താത്പര്യമുണ്ടെങ്കിൽ അതു നൽകാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എന്നാൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിലെ ജോലിയിൽ തുടരാനാണ് താത്പര്യമെന്ന് ഷീന അറിയിച്ചു. എംഎൽഎമാരായ സി.കെ. ശശീന്ദ്രനും ഒ.ആർ. കേളുവും ഇവർക്കൊപ്പം ഉണ്ടായിരുന്നു. 9.15 ഓടെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും മടങ്ങി.