സ്വന്തം ലേഖകന്‍
കോഴിക്കോട് : സംസ്ഥാനത്തു സജീവമായി പ്രവര്‍ത്തിക്കുന്ന സെക്സ് റാക്കറ്റുകളിലേക്ക് ഇതരദേശത്തുനിന്നു യുവതികളെ റിക്രൂട്ട് ചെയ്യാന്‍ ഏജന്റുമാര്‍.
ഇതരദേശത്തുനിന്നുള്ള യുവതികളെ കേരളത്തിലേക്കും മലയാളി യുവതികളെ മറുനാടുകളിലേക്കും ഏജന്റുമാര്‍ വഴി കൈമാറ്റം ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തല്‍.
കോഴിക്കോട്, കൊച്ചി, തൃശൂര്‍, തിരുവനന്തപുരമുള്‍പ്പെടെയുള്ള ജില്ലകളിലും മെട്രോ നഗരങ്ങളിലും ഇത്തരം ഏജന്റുമാര്‍ സജ്ജമായുണ്ടെന്നാണ് രസഹ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.
കോഴിക്കോട് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് നടക്കുന്നുണ്ടെന്ന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചത്.
തുടര്‍ന്നു നടത്തിയ നിരീക്ഷണത്തില്‍ നിരവധി പേര് ഇവിടെ സന്ദര്‍ശിക്കുന്നതായി കണ്ടെത്തി.
സിറ്റി പോലീസ് കമ്മീഷണര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും പോലീസ് പരിശോധന നടത്തി അഞ്ചു പേരെ പിടികൂടുകയുമായിരുന്നു.
ഇരകളാക്കിയ കോല്‍ക്കത്ത സ്വദേശിയായ യുവതിയെയും മലയാളിയായ യുവതിയെയും പോലീസ് രക്ഷപ്പെടുത്തി.
ഇവരില്‍നിന്നു മറ്റും ലഭിച്ച വിവരങ്ങളില്‍ നിന്നാണ് ഏജന്റുമാരുടെ ഡീല്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരം പുറത്തറിയുന്നത്.
കോഴിക്കോട്ടെ കേന്ദ്രത്തില്‍ നാലു യുവതികള്‍ വരെ ഉണ്ടായിരുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
മറുനാടുകളില്നിന്നു യുവതികളെ കണ്ടെത്തുന്ന ഏജന്റുമാര്‍ കേരളത്തിലെ ഏജന്റുമാര്‍ക്കു ഫോട്ടോ സഹിതം വിവരങ്ങള്‍ കൈമാറും.
തുടര്‍ന്ന് ഇവിടുത്തെ ഏജന്റുമാര്‍ വിവിധ ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന സെക്സ് റാക്കറ്റിലെ നടത്തിപ്പുകാര്‍ക്കു യുവതികളുടെ ഫോട്ടോയും മറ്റു വിവരങ്ങളും കൈമാറും. സെക്സ് റാക്കറ്റ് നടത്തിപ്പുകാര്‍ ഈ വിവരങ്ങള്‍ സ്ഥിരം കസ്റ്റമര്‍ക്ക് നല്‍കുകയാണ് പതിവ്.
മലയാളികളായ യുവതികളെയും സമാനരീതിയിലാണ് ഇതരദേശത്തേക്കും കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കും കൈമാറുന്നത്.
ഡീല്‍ ഇങ്ങനെ
ഏജന്റുമാര്‍ തമ്മിലുള്ള ഡീല്‍ ദിവസക്കണക്കടിസ്ഥാനമാക്കിയാണെന്നാണ് പോലീസ് പറയുന്നത്. ഒരാഴ്ച മുതല്‍ 10 ദിവസം വരെയാണ് സാധാരണയായി ഒരു യുവതിയെ കൈമാറുന്നത്. ഇതിനാല്‍ നിശ്ചിത തുക പറഞ്ഞുറപ്പയ്ക്കും. ഏജന്റുമാര്‍ തമ്മിലുള്ള ഡീല്‍ ഉറപ്പിച്ചാല്‍ യുവതികളെ കൈമാറും. പിന്നീട് സെക്സ് റാക്കറ്റ് നടത്തിപ്പുകാര്‍ തമ്മില്‍ വിലയുറപ്പിക്കും.
ഏജന്റുമാര്‍ തമ്മിലുള്ള ഡീലിനേക്കാള്‍ കൂടുതല്‍ തുകയ്ക്കാണ് സെക്സ് റാക്കറ്റ് നടത്തിപ്പുകാര്‍ക്കു യുവതികളെ കൈമാറുന്നത്. പലരും സാമ്പത്തിക പരാധീനതയെത്തുടര്ന്നും മറ്റും ഇത്തരം ഏജന്റുമാരുടെ കെണിയില്‍ അകപ്പെട്ടവരാണ്. പിന്നീട് രക്ഷപ്പെടാമെന്നു കരുതിയാലും പലപ്പോഴും സമ്മര്‍ദം കാരണം യുവതികള്‍ നിര്‍ബന്ധിതരാവുകയാണെന്നും പോലീസ് ചൂണ്ടിക്കാട്ടി.
എല്ലാം ഒാൺലൈൻ
സെക്സ് റാക്കറ്റ് നടത്തിപ്പുകാര്‍ ഓണ്‍ലൈന്‍ വഴിയാണ് കസ്റ്റമറെ കണ്ടെത്തുന്നത്. പുതുതായി കേന്ദ്രത്തില്‍ യുവതികള്‍ എത്തിയ വിവരം നിമിഷനേരം കൊണ്ട് സ്ഥിരം കസ്റ്റമര്‍ക്കു നല്‍കും. യുവതിയുടെ പ്രായവും സൗന്ദര്യവും അനുസരിച്ചാണ് വില പറയുന്നത്. 2000 മുതലാണ് റേറ്റ്. കസ്റ്റമര്‍ക്കു യുവതികളുടെ അശ്ലീല ചിത്രങ്ങള്‍ വരെ സെക്സ് റാക്കറ്റ് സംഘം കൈമാറും.
ഇപ്രകാരം ഓണ്‍ലൈന്‍ വഴി നിരക്ക് ഉറപ്പിച്ച ശേഷം സെക്സ് റാക്കറ്റ് സംഘത്തിന്റെ കേന്ദ്രത്തിലെത്താന്‍ ആവശ്യപ്പെടും. സ്ഥലത്തിന്റെ ലൊക്കേഷന്‍ വാട്സ് ആപ്പ് സന്ദേശമായി അയച്ചുകൊടുത്തും സെക്സ് റാക്ക് നടത്തിപ്പുകാര്‍ സൗകര്യമൊരുക്കുന്നുണ്ട്.
ഒറ്റാന്‍ മറുസംഘം
സെക്സ് റാക്കറ്റ് കേന്ദ്രത്തക്കുറിച്ചു പോലീസിനു രഹസ്യവിവരം എത്തിച്ചു നല്‍കാനും ‘റാക്കറ്റുകള്‍’. ഇതേമേഖലയില്‍ തന്നെയുള്ള നടത്തിപ്പുകാര്‍ കസ്റ്റമര്‍ കുറയുന്ന അവസരത്തില്‍ മറ്റുറാക്കറ്റുകള്ക്കെതിരേ തിരിയാറുണ്ട്. പരസ്പരം സംഘവര്ഷവും പോലീസിന് വിവരം കൈമാറുകയുമെല്ലാം ഇതിന്റെ ഭാഗമായാണ്. ഈ വര്‍ഷം ജൂലൈയില്‍ കോട്ടയത്ത് പെണ്‍വാണിഭ സംഘങ്ങള്‍ തമ്മിലുണ്ടായ കുടിപ്പകയെത്തുടര്‍ന്ന് ഏറ്റുമുട്ടലുണ്ടാവുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
കോഴിക്കോട്ടെ സീനത്തും നസീറും
പോലീസ് പിടികൂടിയ കോഴിക്കോട് നഗരത്തിലെ പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുകാരന് തലക്കുളത്തൂര്‍ സ്വദേശി കെ. നസീര്‍ (46) ആണ്. ഏജന്റുമാരില്‍നിന്നു യുവതികളെ തെരഞ്ഞെടുത്ത് കേന്ദ്രത്തില്‍ എത്തിക്കുന്നത് നസീറാണ്. നസീറിന്റെ സഹായിയാണ് കൊല്ലം പുനലൂര്‍ സ്വദേശി വിനോദ് രാജ് (42). അതേസമയം കേന്ദ്രത്തിലേക്ക് കസ്റ്റമറെ എത്തിക്കുന്ന ചുമതല മഞ്ചേരി സ്വദേശി സീനത്തി(51)നായിരുന്നു. തൊണ്ടായാട് ബൈപാസില്‍ ൃനിന്നു കോട്ടൂളിയിലേക്കുള്ള ഇടറോഡിലെ മുതരക്കാല വയലിലെ ഇരുനിലവീട് വാടകക്കെടുത്താണ് മൂന്നുമാസത്തോളമായി സംഘം പ്രവര്‍ത്തിക്കുന്നത്. നസീറാണ് വീട് വാടകക്കെടുത്തത്. നടത്തിപ്പുകാര്‍ക്കും സഹായികള്‍ക്കും പുറമേ ഇടപാടുകാരായ രാമനാട്ടുകര സ്വദേശി അന്‍വര്‍ (23), താമരശേരി തച്ചംപൊയില്‍ സ്വദേശി സിറജുദീന് (32) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടുതല്‍ ഇടപാടുകാര്‍ വരും ദിവസങ്ങളില്‍ കുടുങ്ങുമെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.