ഓഖി ദുരന്തത്തെ തുടര്‍ന്ന് മീനുകള്‍ ഭക്ഷ്യയോഗ്യമല്ല എന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് വിദഗ്ധരുടെ റിപ്പോര്‍ട്ട്. ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ ശരീരഭാഗങ്ങള്‍ മത്സ്യങ്ങള്‍ ഭക്ഷിച്ചിട്ടുണ്ടാകുമെന്ന പ്രചാരണത്തിനെതിരെയാണ് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം(സിഎംഎഫ്ആര്‍ഐ) അടക്കമുള്ള ഗവേഷണ സ്ഥാപനങ്ങള്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. മീനുകള്‍ പൊതുവെ മൃതശരീരങ്ങള്‍ ഭക്ഷിക്കാറില്ലെന്നും ഇപ്പോള്‍ കേരളത്തില്‍ ലഭിക്കുന്ന മീനുകള്‍ സുരക്ഷിതവും ഭഷ്യയോഗ്യവുമാണെന്നും സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സുനില്‍ മുഹമ്മദ് പറഞ്ഞു. പ്രചാരണം മീന്‍വിപണിയെ ബാധിച്ചതായി മത്സ്യത്തൊഴിലാളികളും പറയുന്നു.
കടല്‍ മത്സ്യങ്ങള്‍ വാങ്ങാന്‍ ചിലര്‍ വിമുഖത കാട്ടുന്നതായി ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ്‌സ് ആന്‍ഡ് കമ്മീഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞിരുന്നു. മീനുകളുടെ വയറ്റില്‍ മനുഷ്യരുടെ വിരല്‍ കണ്ടെത്തിയെന്നും മോതിരവും മുടിയും കണ്ടെത്തിയെന്നുമെല്ലാം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മധ്യകേരളത്തില്‍ ചാള, മത്തി, അയല, തുടങ്ങിയ മീനുകളുടെ വില്പനയില്‍ ഇക്കാരണങ്ങളാല്‍ ഇടിവുണ്ടായി. എന്നാല്‍ ഇവയൊന്നും മൃതശരീരം ഭക്ഷിക്കുന്നവയല്ല. അതേസമയം ചിലയിനം സ്രാവുകള്‍ മൃതദേഹങ്ങള്‍ ഭക്ഷിക്കും എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ ഇന്ത്യന്‍ മത്സ്യബന്ധന മേഖലകളില്‍ ഇത്തരം സ്രാവുകളെ കണ്ടെത്തിയിട്ടില്ലെന്നതും ഇവര്‍ ചൂണ്ടിക്കാട്ടി.