പയ്യന്നൂര്‍: വഴിതെറ്റിയെത്തിയ യുവതിയുടെ സംരക്ഷണത്തിന് ബന്ധപ്പെട്ട വകുപ്പുകളെല്ലാം കൈമലര്‍ത്തിയപ്പോള്‍ ഒടുവില്‍ യുവതിക്ക് തുണയായത് പയ്യന്നൂര്‍ പോലീസ്.
ഇന്നലെ വൈകുന്നേരം ആറരയോടെ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാൻഡിൽ കണ്ടെത്തിയ കാസര്‍ഗോട് രാജപുരം ചുള്ളിക്കരയിലെ 25 കാരിയെയാണ് പയ്യന്നൂർ പോലീസ് സുരക്ഷിതമായി വീട്ടിലെത്തിച്ചത്.
ബസ് സ്റ്റാൻഡിൽ നിന്നും പോലീസ് സ്റ്റേഷനിലെത്തിച്ച യുവതിയെ ചന്തേര പോലീസിന് കൈമാറാനായിരുന്നു ആദ്യശ്രമം.
പിന്നീട് രാജപുരം പോലീസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറി.
മൂന്ന് മണിക്കൂറോളം കഴിഞ്ഞിട്ടും പ്രതികരണമില്ലാതായപ്പോള്‍ വീണ്ടും ബന്ധപ്പെട്ടു.അപ്പോഴാണ് അറിയുന്നത് ഈ യുവതിയുടെ വീട്ടിലുള്ളവര്‍ക്കെല്ലാം കോവിഡാണെന്ന്.
രാജപുരത്തുനിന്ന് ആരുമെത്തില്ലെന്ന് ബോധ്യമായപ്പോള്‍ 108 ആംമ്പുലന്‍സ് സംഘടിപ്പിക്കാനായി അടുത്ത ശ്രമം. പരിശോധനയില്‍ കോവിഡാണെങ്കില്‍ വരാമെന്നായിരുന്നു മറുപടി.
പിന്നീട് ഡോക്ടറുമായി ബന്ധപ്പെട്ടപ്പോള്‍ അതിനും സാങ്കേതിത തടസം. യുവതിക്ക് കോവിഡുണ്ടെങ്കില്‍ സ്റ്റേഷനില്‍ നിര്‍ത്താനുമാകില്ല.
എല്ലാവരും കൈയൊഴിഞ്ഞപ്പോഴും യുവതിയെ സുരക്ഷിത സ്ഥാനത്തെത്തിക്കാതെ പിൻമാറില്ലെന്ന നിലപാടിയിലാരുന്നു ഇൻസ്പെക്ടർ എം.സി. പ്രമോദ്.
ഭക്ഷണം നൽകിയ ശേഷം യുവതിയെ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം രാജപുരം സ്റ്റേഷനിലെത്തിച്ചവെങ്കിലും പ്രതികരണം ആശാവഹമായിരുന്നില്ല.
ഇതോടെ യുവതിയെ വീട്ടിലെത്തിക്കാനുള്ള ദൗത്യം കൂടി പയ്യന്നൂർ പോലീസ് ഏറ്റെടുക്കുകയായിരുന്നു. യുവതിയെ വീട്ടിലെത്തിച്ച ശേഷം പുലർച്ചെ നാലോടെയാണ് പോലീസ് സംഘം പയ്യന്നൂരിൽ തിരിച്ചെത്തിയത്.