ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്തിൽ സിപിഎം-സിപിഐ പോര് രൂക്ഷം. സിപിഎമ്മിൽ ചേർന്നു പ്രവർത്തിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു കത്തു നല്കിയ ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയെ സിപിഐയിൽ നിന്നും പുറത്താക്കി.
28 വർഷമായി സിപിഐയിൽ പ്രവർത്തിക്കുന്ന കുറുപ്പംകുളങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി അനിൽ ടി. നായരെയാണ് ഇന്നലെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ തീരുമാനമെടുത്തത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്നാണു പുറത്താക്കലെന്നാണ് സിപിഐ കുറുപ്പൻകുളങ്ങര ലോക്കൽ സെക്രട്ടറി സി.വി. സതീശൻ വാർത്താകുറുപ്പിൽ അറിയിച്ചിരിക്കുന്നത്. ഇയാൾക്കെതിരെ ആരോപണങ്ങളും ഉയർത്തിയിട്ടുണ്ട്.
മന്ത്രി പി. തിലോത്തമന്റെ സ്വന്തം ലോക്കൽ കമ്മിറ്റിയാണ് കുറുപ്പൻകുളങ്ങര. ഏറെ നാളായി സിപിഐയിൽ ഉയർന്ന തർക്കങ്ങളെ തുടർന്നാണു സംഭവങ്ങളെന്നാണു വിവരം. പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങൾ അടഞ്ഞതിനെ തുടർന്നാണു നടപടി ഉണ്ടായിരിക്കുന്നത്. ഇരു പാർട്ടികളും തമ്മിൽ നിരന്തരം തർക്കങ്ങൾ നടക്കുന്ന സ്ഥലമാണ് ചേർത്തല തെക്ക് പ്രദേശം.