മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് സ്വകാര്യ കമ്പനി മാസപ്പടി നല്കിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കാച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആര്.എല്‍.) സി.എഫ്ഒ കെ എസ് സുരേഷ് കുമാര്‍.
പാരിസ്ഥിതിക ആഘാതമുണ്ടാക്കുംവിധം ഖനനം ചെയ്തെടുക്കുന്ന ഇല്‍മനൈറ്റാണ് കമ്പനിയുടെ അസംസ്കൃതവസ്തു. ഇക്കാരണത്താല്‍ വലിയഭീഷണികള് ബിസിനസിന് നേരിടാറുണ്ട്.
അത് മറികടക്കാനാണ് രാഷ്ട്രീയക്കാര്‍ക്കും പോലീസിനും മാധ്യമങ്ങള്‍ക്കും പണം നല്കുന്നതെന്നുമാണ് സുരേഷ് കുമാര്‍ മൊഴിനല്‍കിയത്.
2013-14 മുതല്‍ 2019-20 വരെയുള്ള കാലയളവില്‍ സി.എം.ആര്.എല്ലിന് വ്യാജമായി കെട്ടിച്ചമച്ച ചെലവുകള്‍ 135.54 കോടി രൂപയാണെന്ന് ആദായനികുതിവകുപ്പ് കണ്ടെത്തിയിരുന്നു.
ഇതില്‍നിന്ന് 73.38 കോടിയുടെ റിബേറ്റ് വേണമെന്നാവശ്യപ്പെട്ട് കമ്പനി നല്കിയ ഒത്തുതീര്‍പ്പ് (സെറ്റില്‍മെന്റ്) അപേക്ഷയാണ് ബോര്‍ഡ് പരിഗണിച്ചത്.
രാഷ്ട്രീയനേതാക്കള്‍, പോലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമസ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം പണം നല്‍കിയതിന്റെ വിവരങ്ങളാണ് ആദായനികുതിവകുപ്പ് കണ്ടെത്തിയത്.
ഇതിനെ ട്രാന്സ്പോര്ട്ടേഷന് ചെലവായാണ് കമ്പനിയുടെ കണക്കില്‍ എഴുതിയിരുന്നതെന്ന് കമ്പനി കാഷ്യര്‍ മൊഴിനല്‍കിയിട്ടുണ്ട്.
ഇതുവഴി നികുതിവെട്ടിപ്പും കണക്കില്ലാത്ത പണമുണ്ടാക്കലുമാണ് നടത്തിയിരുന്നതെന്ന് ആദായനികുതി പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ പറയുന്നു.
മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന് കര്‍ത്തായുടെ നിര്‍ദേശപ്രകാരമാണ് പണം നല്‍കിയിരുന്നതെന്നാണ് ജീവനക്കാരുടെ മൊഴി.
ബിസിനസ് സുഗമമായി നീങ്ങാനാണെങ്കിലും പൊതുസേവകര്‍ക്ക് പണം നല്‍കുന്നത് കുറ്റകരമാണെന്ന് ആദായനികുതിവകുപ്പ് വാദിച്ചു.
അങ്ങനെ നല്കുന്ന തുകയ്ക്ക് ആദായനികുതി നിയമത്തിന്റെ 37-ാം വകുപ്പ് പ്രകാരമുള്ള ഇളവ് അവകാശപ്പെടാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
2019-ല്‍ കമ്പനി സി.എഫ്.ഒ. കെ.എസ്. സുരേഷ് കുമാറിന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ അദ്ദേഹം എഴുതിവെച്ചതായ കുറിപ്പുകള്‍ കണ്ടെത്തിയിരുന്നു.
പണം കൈപ്പറ്റുന്നയാളുകളുടെ പേരുകള്‍ ചുരുക്കപ്പേരായാണ് അതില്‍ കുറിച്ചിരിക്കുന്നത്. ചുരുക്കരൂപത്തിലുള്ള പേരിന്റെ വിശദാംശങ്ങളും മൊഴിയില്‍ പറയുന്നുണ്ട്.
കെ.കെ. (കുഞ്ഞാലിക്കുട്ടി), എ.ജി. (എ. ഗോവിന്ദന്), ഒ.സി. (ഉമ്മന്‍ ചാണ്ടി), പി.വി. (പിണറായി വിജയന്), ഐ.കെ. (ഇബ്രാഹിം കുഞ്ഞ്), ആര്.സി. (രമേശ് ചെന്നിത്തല) എന്നിവരുടെ പേരുകളാണ് അതിലുള്ളത്.
എന്നാല്‍, ഓരോരുത്തര്‍ക്കും എത്ര തുക വീതം നല്‍കിയെന്ന വിവരം ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നില്ല.
കുറിപ്പിലെ പേരുകാര്‍ക്ക് അവരുടെ ഓഫീസുകളിലോ വീട്ടിലോ നേരിട്ട് പണമെത്തിച്ചു നല്‍കുകയാണ് പതിവെന്നാണ് ബന്ധപ്പെട്ട ജീവനക്കാരുടെ മൊഴി.
ചിലയവസരങ്ങളില്‍ അവരുടെ പ്രതിനിധികള്‍ കമ്പനിയുടെ ഓഫീസിലെത്തി പണം സ്വീകരിക്കാറുണ്ടായിരുന്നു.
പണം കൈപ്പറ്റിയതിന് രസീതോ മറ്റു രേഖകളോ ആരും നല്‍കിയിരുന്നില്ല.
കര്‍ത്തായുടെ നിര്‍ദേശപ്രകാരമാണ് പണം നല്‍കുന്നതെന്ന് കമ്പനിയുടെ ഫിനാന്‍സ് ജനറല്‍ മാനേജര്‍ പി. സുരേഷ് കുമാര്‍ പറഞ്ഞു.
തന്റെ നിര്‍ദേശപ്രകാരമാണ് പണംനല്കുന്നതെന്ന് ശശിധരന് കര്‍ത്തയും സമ്മതിച്ചതായി ആദായനികുതിവകുപ്പ് പ്രിന്‍സിപ്പല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.