കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി അടക്കം നാലു പേര് തിങ്കളാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)ന്റെ നോട്ടീസ്. സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്ത, കമ്പനി ചീഫ് ഫിനാന്‍സ് ഓഫീസര്‍ കെ.എസ്. സുരേഷ് കുമാര്‍, മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്, സീനിയര്‍ ഐടി ഓഫിസര്‍ അഞ്ജു റേച്ചല്‍ എന്നിവരാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്.
സിഎംആര്‍എല്‍ കമ്പനിയും വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സലോജിക് കമ്പനിയും തമ്മില്‍ ഉണ്ടാക്കിയ സാമ്പത്തിക ഇടപാടിന്റെ രേഖകളും പണം കൈമാറിയ ഇന്‍വോയ്സുകളും ലെഡ്ജര്‍ അക്കൗണ്ടും ചോദ്യം ചെയ്യലിന് എത്തുമ്പോള്‍ ഹാജരാക്കാനും ഇ ഡി നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസം എട്ടിന് ഹാജരാകാന്‍ ആയിരുന്നു നേരത്തെ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയതെങ്കിലും ഉദ്യോഗസ്ഥര്‍ ആരും അന്ന് ഹാജരായിരുന്നില്ല.
ഇഡി നടത്തുന്ന അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്നു ഹൈക്കോടതി
അതേസമയം, മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യുഷന്‍സ് എന്ന കമ്പനിയുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിനെതിരേ സിഎംആര്‍എല്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന് കര്ത്തയടക്കമുള്ളവര് നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് ടി.ആര്. രവിയുടെ ഉത്തരവ്.
കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷിക്കാനാകില്ലെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ വാദം വേണമെന്നും മറുപടി സത്യവാങ്മൂലം നല്കാന് സമയം വേണമെന്നും ഇഡി അഭിഭാഷകന് വാദിച്ചു.ഹര്‍ജിക്കാര്‍ ചോദ്യം ചെയ്യാനായി ഹാജരായാല്‍ അറസ്റ്റ് ചെയ്യില്ലെന്നും വിശദീകരിച്ചു.
ഇക്കാര്യം കോടതി രേഖപ്പെടുത്തി. അന്വേഷണത്തില്‍ ഇടപെടില്ലെന്നും അന്വേഷണം നടക്കട്ടെ എന്നും കോടതി പറഞ്ഞു. വെള്ളിയാഴ്ച ഹാജരാകാന്‍ നിര്‍ദേശിച്ചവര്‍ക്ക് തിങ്കളാഴ്ച ഹാജരാകാമെന്നും വ്യക്തമാക്കി. മറ്റുള്ളവര്‍ നോട്ടീസില്‍ പറയുന്ന തീയതികളില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചു.