കൊച്ചി: എക്സാലോജിക്കുമായുള്ള ഇടപാടിലെ ഇഡി നടപടികള്‍ക്കെതിരെ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരും, എംഡി ശശിധരന് കര്‍ത്തയും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോദ്യം ചെയ്യലിന്റെ പേരില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പരാതി.
വനിത ഉദ്യോഗസ്ഥയെ 24 മണിക്കൂറോളം ചോദ്യചെയ്തത് നിയമവിരുദ്ധമെന്നും സിഎംആര്‍എല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചോദ്യം ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം സൂക്ഷിച്ചുവയ്ക്കണമെന്നും ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നും സിഎംആര്‍എല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ ഇഡി ഇന്ന് കോടതിയില്‍ വിശദീകരണം നല്‍കും.
പിടിച്ചെടുത്ത രേഖകള്‍ ഇഡി പരിശോധിക്കുന്നു
കേസില്‍ ഇഡി പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടരുകയാണ്. അതേ സമയം, വരു ദിവസങ്ങളിലും സിഎംആര്‍എല്‍ ജീവനക്കാരുടെ ചോദ്യം ചെയ്യല്‍ തുടരുമെന്നാണ് സൂചന. ഇന്നലെ ചീഫ് ഫിനാന്‍സ് ഓഫീസര്‍ പി. സുരേഷ്കുമാര്‍, മുന്‍ കാഷ്യര്‍ വി. വാസുദേവന്‍ എന്നിവരെയാണ് ഇഡി വീണ്ടും ചോദ്യംചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ഐടി കമ്പനിയായ എക്സാലോജിക്കും തമ്മില്‍ നടത്തിയ ഇടപാടുകള്സംബന്ധിച്ചവിവരങ്ങളാണ് ചോദിച്ചത്. എന്തു സേവനമാണ് പകരം ലഭിച്ചതെന്നും അന്വേഷിച്ചു. ഇരുവരെയും മുമ്പ് രണ്ടു ദിവസം ചോദ്യം ചെയ്തിരുന്നു.
എംഡി ശശിധരന് കര്‍ത്തയെ കഴിഞ്ഞ ദിവസം പത്ത് മണിക്കൂറിലേറെയാണ് ഇഡി ചോദ്യം ചെയ്തത്. ഉച്ചയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ അര്‍ധരാത്രി വരെ നീണ്ടു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇഡി ഓഫീസില്‍ ഹാജരാകാതിരുന്ന കര്‍ത്തയെ ആലുവയിലെ വീടിലെത്തിയായിരുന്നു ഇഡി ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍.
കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചാണ് ഇഡി അന്വേഷണം പുരോഗമിക്കുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട ഇടപാടുകള്‍ സംബന്ധിച്ച് സിഎംആര്‍എല്‍ എംഡിയും ജീവനക്കാരും കൃത്യമായ മറുപടി നല്‍കിയിട്ടില്ല.