കോട്ടയം: ചാലുകുന്ന് സിഎംഎസ് ഹൈസ്കൂളിൽ ഒരു വർഷത്തിനിടെ മൂന്നാമത്തെ മോഷണം. സിസിടിവി ഹാർഡ് ഡിസ്ക് ഉൾപ്പെടെ മോഷ്ടാവ് കവർന്നു. ഇന്നലെ രാവിലെ 9.30നു സ്കൂൾ തുറക്കാൻ എത്തിയപ്പോഴാണു മോഷണവിവരം അറിയുന്നത്.
സ്കൂളിൽ സൂക്ഷിച്ചിരുന്ന അരലക്ഷം രൂപ വില വരുന്ന ഡിഎസ്എൽ കാമറ, സിസിടിവി കാമറകൾ, സിസിടിവി ഹാർഡ് ഡിസ്ക് എന്നിവ മോഷ്ടിക്കപ്പെട്ടു. പണമൊന്നും അപഹരിച്ചിട്ടില്ല.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സ്കൂളിലെ അലമാരയിൽനിന്ന് 30,000 രൂപയും സെപ്റ്റംബറിൽ 60,000 രൂപയും കവർന്നിരുന്നു. തുടർന്നു സ്കൂളിൽ സിസിടിവി കാമറ സ്ഥാപിക്കുകയായിരുന്നു.
കഴിഞ്ഞദിവസം രാത്രി സ്ഥലത്തെത്തിയ മോഷ്ടാവ് സ്കൂളിന്റെ ഗ്രില്ല് തകർക്കാതെ സമീപത്തു പാർക്ക് ചെയ്തിരുന്ന ബസിന്റെ മുകളിലൂടെ കയറിൽ ഷേഡ് വഴിയാണു സ്കൂളിൽ പ്രവേശിച്ചത്.
ഓഫീസ് ഉൾപ്പെടെ മൂന്നു മുറിയുടെ കതകു തകർത്ത മോഷ്ടാവ് ലൈബ്രറി, ലാബോറട്ടറി, സ്റ്റാഫ് റൂം എന്നിവിടങ്ങളിൽ കയറുകയും മുറി അലങ്കോലമാക്കുകയും ചെയ്തിട്ടുണ്ട്.
സ്കൂൾ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെസ്റ്റ് പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.