കോട്ടയം: യൂണിവേഴ്സിറ്റി കോളജിന് സമാനമായി കോട്ടയം സിഎംഎസ് കോളജിലും എസ്എഫ്ഐ നേതൃത്വത്തിനെതിരേ വിദ്യാർഥികളുടെ കൂട്ടായ്മ രംഗത്ത്. വ്യാഴാഴ്ച വൈകിട്ട് എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പടെയുള്ള വിദ്യാർഥികളെ യൂണിയൻ ഭാരവാഹികളുടെ ഒത്താശയോടെ പുറത്തുനിന്നും ചിലരെത്തി മർദ്ദിച്ചതോടെയാണ് സംഭവത്തിന് തുടക്കം. ഇതോടെ നേതാക്കൾക്കെതിരേ വിദ്യാർഥികളുടെ കൂട്ടായ്മ ഒന്നിക്കുകയായിരുന്നു.
ഇന്ന് രാവിലെ നേതാക്കളും എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗങ്ങളും സംഘം ചേർന്ന് എത്തിയപ്പോൾ വിദ്യാർഥികൾ ഗേറ്റിന് മുന്നിൽ തടഞ്ഞു. വിദ്യാർഥി കൂട്ടായ്മ കോളജ് കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ നേതാക്കളും വിദ്യാർഥി കൂട്ടായ്മയും തമ്മിൽ തെരുവിൽ കൂട്ടയടിയായി. പോലീസ് നോക്കിനിൽക്കേയായിരുന്നു സംഘർഷം.
കോളജിലെ വിദ്യാർഥികളെ മർദ്ദിച്ചവർക്കെതിരേ നടപടി വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പുറത്തുനിന്നുള്ളവരുടെ സാന്നിധ്യം കോളജിൽ ഒഴിവാക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രിൻസിപ്പൽ കോളജിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.