തൃശൂർ: ഇന്നലെ അന്തരിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ സഹകരണമന്ത്രിയുമായ സി.എൻ. ബാലകൃഷ്ണന്റെ മൃതദേഹം തൃശൂരിലേക്ക് കൊണ്ടുവന്നു. എറണാകുളം അമൃത ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. 86 വയസായിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു.
എറണാകുളത്തുനിന്നു വിലാപയാത്രയായാണ് മൃതദേഹം തൃശൂരിലേക്ക് കൊണ്ടുവന്നത്. വരുന്ന വഴിക്കെല്ലാം നിരവധി പ്രവർത്തകരാണ് സി.എൻ. ബാലകൃഷ്ണന്റെ മൃതദേഹത്തിൽ അന്ത്യാഞ്ജലിയർപ്പിക്കാൻ കാത്തുനിന്നത്. ഉച്ചയ്ക്കുശേഷം തൃശൂർ ടൗണ്‍ഹാളിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് മൂന്നു മുതൽ അഞ്ചുവരെ തൃശൂർ ഡിസിസി ഓഫീസിലും.
നാളെ രാവിലെ 10ന് അയ്യന്തോൾ ഉദയനഗറിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും.മരണവാർത്തയറിഞ്ഞ് സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുകയാണ്. തൃശൂർ ജില്ലയിൽ കോണ്‍ഗ്രസിനെ കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കുവഹിച്ച അദ്ദേഹം ഉമ്മൻചാണ്ടി സർക്കാരിൽ സഹകരണമന്ത്രിയായിരുന്നു.
ഡിസിസി ട്രഷറർ, ഡിസിസി പ്രസിഡന്റ്, കെപിസിസി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഖാദി ഗ്രാമവ്യവസായ അസോസിയേഷൻ പ്രസിഡന്റും ഖാദി ഫെഡറേഷൻ ഭാരവാഹിയുമായിരുന്നു. തെരഞ്ഞെടുപ്പ് രംഗങ്ങളിൽനിന്ന് മാറിനിന്നിരുന്ന സി.എൻ. കഴിഞ്ഞ തവണയാണ് വടക്കാഞ്ചേരിയിൽനിന്ന് നിയമസഭയിലേക്കു മത്സരിച്ചത്.
ആദ്യ മത്സരത്തിൽ വിജയിച്ചു മന്ത്രിയുമായി. ഭാര്യ: പുറനാട്ടുകര ശ്രീരാമകൃഷ്ണ വിദ്യാമന്ദിരം മുൻ അധ്യാപിക തങ്കമണി. മക്കൾ: സി.ബി.ഗീത (തൃശൂർ കോർപറേഷൻ കൗണ്‍സിലർ), മിനി ബലറാം. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമായ കരുണാകരൻ സപ്തതി സ്മാരകമന്ദിരം നിർമിച്ചത് സി.എൻ. ബാലകൃഷ്ണനാണ്.
ആദ്യകാലത്ത് ഗ്രന്ഥശാല പ്രസ്ഥാനത്തിൽ സജീവമായിരുന്നു. ബാല്യത്തിൽ കഷ്ടപ്പാടനുഭവിച്ചിരുന്ന സി.എൻ. പിന്നീട് സ്വപ്രയത്നത്തിലൂടെ ഗാന്ധിയൻ ചിന്ത ഉൾക്കൊണ്ടാണ് വളർന്നത്.