തൃശൂർ: പാർട്ടി പറഞ്ഞാൽ വീണ്ടും മത്സരിക്കുമെന്ന് സി.എൻ. ജയദേവൻ എംപി. സ്ഥാനാർഥികളുടെ മാനദണ്ഡം വിജയസാധ്യതയാണ്. സിപിഐക്ക് നൽകിയിട്ടുള്ള നാലു സീറ്റുകളും വിജയസാധ്യതയുള്ളതാണ്. വയനാട് കഴിഞ്ഞ തവണ തോൽക്കാനുള്ള സീറ്റെന്ന നിലയിലാണ് പ്രവർത്തകർ പ്രവർത്തിച്ചത്. ഇത്തവണ ആ സീറ്റ് തിരിച്ചുപിടിക്കും. തൃശൂർ സിപിഐയുടെ ഏറ്റവും വിജയസാധ്യതയുള്ള സീറ്റുകളിൽ ഒന്നാമത്തേതാണ്.
നിയമസഭയിലേക്ക ു രണ്ടു തവണ മത്സരിച്ചവർക്ക് പാർട്ടി അവസരം നൽകാറില്ല. എന്നാൽ ലോക്സഭയിലേക്കു മത്സരിക്കുന്ന മാനദണ്ഡം സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അടുത്ത ദിവസം കൂടുന്ന യോഗത്തിൽ ഇതുസംബന്ധിച്ചും തീരുമാനമെടുക്കും.
കേരളത്തിനു പുറത്ത് കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നതിനോട് സിപിഐക്ക് വിരോധമില്ല. കോണ്‍ഗ്രസ് പാർട്ടി ബൂർഷ്വാസി പാർട്ടിയാണെന്നതിൽ മാറ്റമില്ല. എന്നാൽ ബിജെപി അങ്ങനെയല്ല. അവർ വർഗീയ പാർട്ടിയാണെന്നതാണ് കൂടുതൽ അപകടകരം. ആരുമായും കൂട്ടുകൂടി ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണ് ഇപ്പോഴത്തെ നിലപാടെന്നും സി.എൻ. ജയദേവൻ പറഞ്ഞു.