തിരുവനന്തപുരം: കിളിമാനൂരിൽ അയൽവാസി തീകൊളുത്തിയ ഗൃഹനാഥനും ഭാര്യയും മരിച്ചു. മുടപുരം സ്വദേശി പ്രഭാകര കുറുപ്പും ഭാര്യ വിമലകുമാരിയുമാണ് മരിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ ഭാര്യ വിമലകുമാരിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശിധരൻ നായർ ആണ് ദമ്പതിമാരെ അവരുടെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് കത്തിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ ദമ്പതിമാരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രഭാകര കുറുപ്പിനെ രക്ഷിക്കാനായില്ല.
ഇവരെ ആക്രമിച്ച ശശിധരൻ നായർക്കും പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ പരിക്കും ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു.
അതിക്രൂരമായാണ് കൊലപാതകം നടത്തിയത്. ദമ്പതികളുടെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ച ശേഷമാണ് തീകൊളുത്തിയത്.
ക്രൂരകൃത്യത്തിന് പിന്നിൽ ശശിധരൻ നായരുടെ മകൻ മരിച്ചതിലെ പകയാണെന്നും സൂചനയുണ്ട്.
പ്രഭാകര കുറുപ്പ്, ശശിയുടെ മകൻ ജീവനൊടുക്കിയ കേസിലെ പ്രതിയായിരുന്നു. കേസിൽ പ്രഭാകരക്കുറുപ്പിനെ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു.
29 വർഷം മുമ്പാണ് ശശിധരന്റെ മകൻ ബെഹ്റിനിൽ ജീവനൊടുക്കിയത്. നിലവിൽ ഹോളോ ബ്രിക്സ് നിർമാണ യൂണിറ്റ് നടത്തുകയായിരുന്നു പ്രഭാകര കുറുപ്പ്. സൈന്യത്തിൽ നിന്ന് വിരമിച്ചയാളാണ് ശശിധരൻ നായർ.