മട്ടന്നൂർ: മാലൂരിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതക മെന്ന് പോലീസ്. കൊല നടത്തിയത് മകൾ ഷെർളിയെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
ഇവരുടെ അറസ്റ്റു ഇന്നു രേഖപ്പെടുത്തിയേക്കും. വ്യാഴാഴ്ച വൈകുന്നേരമാണ് മാലൂർ കപ്പറ്റപ്പൊയിൽ കോറോത്ത് ലക്ഷം വീട്ടിലെ കെ. നന്ദിനിയെ (79) വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിലെ കിടപ്പുമുറിയിൽ നിലത്താണ് വയോധികയെ മരിച്ച നിലയിൽ കണ്ടത്. തലക്കും ശരീരത്തിലും പരുക്കുകളുണ്ടായിരുന്നു. വീട്ടിൽ നന്ദിനിയുടെ കൂടെ മകൾ ഷെർളിയും ഭർത്താവ് ഭാസ്കരനുമാണ് താമസിച്ചിരുന്നത്.
സംഭവം അറിഞ്ഞു പേരാവൂർ സിഐയും മാലൂർ പോലീസും സ്ഥലത്തെത്തി അന്വേഷണം നടത്തുകയും മരണത്തിൽ സംശയമുയർന്നതിനാൽ വീട്ടുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
പോലീസിന്റെ ചോദ്യം ചെയ്യലിൽ താനാണ് അമ്മയെ കൊന്നതെന്ന് മകൾ മൊഴി നൽകി.
വടി ഉപയോഗിച്ചു നന്ദിനിയുടെ തലയ്ക്ക് അടിക്കുകയും കഴുത്തിനു ചവിട്ടുകയുമായിരുന്നുവെന്നാണ് മൊഴി. രാവിലെതന്നെ മരിച്ചിട്ടും വൈകുന്നേരമാണ് സംഭവം പുറലോകം അറിയുന്നത്.
അയൽവീട്ടുക്കാരെ പോലും അറിയിക്കാതെ ബന്ധുവിനെ വിളിച്ചു അമ്മ മരിച്ചതായി അറിയിക്കുകയായിരുന്നു. ബന്ധുവെത്തി നോക്കിയപ്പോഴാണ് മരണത്തിൽ സംശയം ഉന്നയിച്ചു പോലീസിനെ അറിയിച്ചത്.
പ്രായമായ അമ്മയെ നോക്കാൻ കഴിയാത്തത് കൊണ്ടാണ് തലയ്ക്ക് അടിച്ചു കൊന്നതാണെന്നാണ് ഷേർളി പോലീസിനോട് പറഞ്ഞതെന്ന് അന്വേഷണ സംഘം അറിയിച്ചു.
സംഭവ ദിവസം പോലീസ് വീട് പൂട്ടി പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ മൃതദേഹം സിഐ എൻ.ബി. ഷൈജുവിന്റെ നേതൃത്വത്തിൽ പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി.
തുടർന്നു പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മരണത്തിൽ സംശയമുള്ളതിനാൽ കണ്ണൂരിൽ നിന്നും ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.