ജെറി എം. തോമസ്
കൊച്ചി: ഇന്ധനവില വര്‍ധനയും കോവിഡ് ദുരിതവും മൂലം നട്ടംതിരിയുന്ന വാഹന ഉടമകള്‍ കൂട്ടത്തോടെ സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) സംവിധാനത്തിലേക്ക് വഴിമാറുന്നു.
സെഞ്ചുറിയും കടന്നു പെട്രോള്‍ വില കുതിക്കുമ്പോഴാണ് പോക്കറ്റ് കാലിയാകാതിരിക്കാന്‍ സ്വകാര്യ വാഹനങ്ങള്‍ ഒന്നടങ്കം സിഎന്‍ജി സംവിധാനത്തിലേക്ക് മാറുന്നത്.
ലാഭത്തിനൊപ്പം പ്രകൃതി സൗഹൃദവുമെന്ന പ്രത്യേകതയും ആവശ്യക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നു. നേരത്തെ ടാക്സി വാഹനങ്ങളാണ് ഈ സംവിധാനത്തിലേക്കു മാറാന്‍ മുന്നോട്ടു വന്നതെങ്കില്‍ ഇപ്പോള്‍ സ്വകാര്യ വാഹനങ്ങളുടെ തള്ളിക്കയറ്റമാണുള്ളതെന്ന് വര്‍ക്ക്ഷോപ്പ് ഉടമകള്‍ പറയുന്നു.
നിലവില്‍ പെട്രോള്‍ വാഹനങ്ങളില്‍
നിലവില്‍ പെട്രോള്‍ വാഹനങ്ങളാണ് സിഎന്‍ജി സംവിധാനത്തിലേക്ക് മാറ്റി നല്‍കുന്നത്. ഇതിനായി അംഗീകൃത കണ്വെര്ഷന് കിറ്റും സിഎന്‍ജി ടാങ്കും വാഹനത്തില്‍ ഘടിപ്പിക്കും.
നേരത്തെ സിഎന്‍ജി ഓട്ടോകള്‍ നിരത്തില്‍ ഓടാന്‍ തുടങ്ങിയതു മുതല്‍ കൊച്ചി നഗരത്തില്‍ ഇത്തരം മാറ്റം നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത കേന്ദ്രങ്ങൾ പ്രവര്‍ത്തിക്കുന്നുണ്ട്. ഡീസല്‍ വാഹനങ്ങളിലും മാറ്റം സാധ്യമാണെങ്കിലും ചെലവ് കൂടുതലായതിനാല്‍ പ്രായോഗികമല്ല.
കാര്‍ബണ്‍ ബഹിര്‍ഗമനം കുറവായതിനാല്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കില്ലെന്നതാണ് സിഎന്‍ജി വാഹനങ്ങളുടെ ഏറ്റവും വലിയ മെച്ചം.
‘മീതൈന്‍’ ആണ് സിഎന്‍ജിയുടെ പ്രധാന ഘടകം. വായുവുമായി ചേര്‍ന്ന് കത്തുമ്പോള്‍ വാഹനങ്ങളുടെ എന്ജിന് പ്രവര്‍ത്തിക്കാനുള്ള കരുത്തുണ്ടാവുന്നു.
പുറന്തള്ളുന്ന കണങ്ങളില്‍ കാര്‍ബണ്‍, ലെഡ്, സള്‍ഫര്‍ അളവു കുറവായതിനാല്‍ ‘ഗ്രീന്‍ ഫ്യൂവല്‍’ എന്നും ‘ക്ലീന്‍ ഫ്യൂവല്‍’ എന്നും സിഎന്‍ജി അറിയപ്പെടുന്നു.
പെട്രോളിനേക്കാള്‍ ലാഭകരം
നിലവിലെ പെട്രോള്‍ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സിഎൻജിയുടെ വില പകുതിയോളം മാത്രം. മൈലേജും കൂടുതല്‍ ലഭിക്കും.
കൊച്ചി പോലുള്ള തിരക്കേറിയ നഗരത്തില്‍ 60 മുതല്‍ 70 ശതമാനം വരെ പെട്രോളിനേക്കാള്‍ സിഎന്‍ജി ലാഭകരമാണെന്ന് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന വി6 ഓട്ടോടെക് സെലൂഷന് അധികൃതര്‍ വ്യക്തമാക്കി.
ഹൈവേയില്‍ 100 ശതമാനവും ഉറപ്പുനല്‍കുന്നു. ഈ സംവിധാനത്തിലേക്ക് മാറുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ വര്‍ക്ക് ഷോപ്പുകളിലെല്ലാം ബുക്കിംഗ് അനുസരിച്ചാണ് വാഹനങ്ങളില്‍ കിറ്റ് ഘടിപ്പിച്ചു നല്‍കുന്നത്.
കാറുകളില്‍ 200 മുതല്‍ 300 കിലോമീറ്റര്‍ ഓടാനുള്ള ഇന്ധനമേ ഒറ്റത്തവണ നിറയ്ക്കാനാവൂ. ഏകദേശം 10 കിലോ സിഎന്‍ജിയാണ് 60 ലിറ്റര്‍ ടാങ്കുകളില്‍ നിറയ്ക്കാനാകുക.
മാറുന്നവയില്‍ ഏറെയും കാറുകള്‍, മാറ്റം രേഖാമൂലം
നേരത്തെ ഓട്ടോറിക്ഷയും സ്വകാര്യ ബസുകളുമാണ് സിഎന്‍ജി സംവിധാനത്തിലേക്ക് മാറാന്‍ തിരക്ക് കൂട്ടിയിരുന്നതെങ്കില്‍ കോവിഡ് രണ്ടാം തരംഗത്തിനു പിന്നാലെ സ്വകാര്യ വാഹനങ്ങളില്‍ കാറുകളാണ് മുന്‍പന്തിയില്‍.
പെട്രോല്‍ വാഹനങ്ങളില്‍ സിഎന്‍ജി കിറ്റ് ഘടിപ്പിക്കുന്നതിന് അഞ്ചു മണിക്കൂർ വേണ്ടിവരും. ഈ സംവിധാനത്തിലേക്ക് മാറ്റുന്നതിന് 35,000 മുതല്‍ 60,000 രൂപ വരെ ചെലവാകുമെന്നാണ് വര്‍ക്ക് ഷോപ്പ് ഉടമകള്‍ പറയുന്നത്.
ഒരു തവണ സിഎന്‍ജി നിറയ്ക്കുന്നതിന് 500-600 രൂപയാണ് ചെലവ്.പുതിയ സിഎന്‍ജി വാഹനങ്ങള്‍ ഷോറൂമില്‍ നിന്നു വാങ്ങിയാല്‍ രേഖകളിലും ഇന്‍ഷ്വറന്‍സിലും മാറ്റം വരുത്തേണ്ട കാര്യമില്ല.
പഴയ വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറ്റിയാല്‍ ആര്‍സിയില്‍ ഉള്‍പ്പെടെ രേഖപ്പെടുത്തണം. ഇന്‍ഷ്വറന്‍സ് കമ്പനിയെ മാറ്റം അറിയിക്കുകയും പ്രീമിയത്തില്‍ വ്യത്യാസമുണ്ടെങ്കില്‍ അത് അടയ്ക്കുകയും വേണം.
നിലവില്‍ സിഎന്‍ജിയിലേക്ക് മാറുന്ന വാഹന ഉടമകള്‍ തന്നെ നിയമ കാര്യങ്ങള്‍ ശരിയാക്കേണ്ട വിധമാണ് വര്‍ക്ക്ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.