ബോബൻ ബി. കിഴക്കേത്തറ
ആലുവ: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വാക്കുകൾ വിശ്വസിച്ച് സിഎൻജി വാഹനങ്ങൾ സ്വന്തമാക്കിയ നൂറുക്കണക്കിന് ഉടമകൾ വെട്ടിലായി.
ഇന്ധന ടാങ്കുകളുടെ കാര്യക്ഷമത പരിശോധിച്ച സർട്ടിഫിക്കറ്റ് കാണിക്കാതെ ഇന്ധനം നിറച്ചു തരില്ലെന്ന് സിഎൻജി പമ്പ് ഉടമകൾ നിലപാടെടുത്തതോടെയാണ് വാഹന ഉടമകൾ പെരുവഴിയിലായിരിക്കുന്നത്.
ചെന്നൈ അല്ലെങ്കിൽ ബംഗളൂരു
സിഎൻജി ടാങ്ക് പരിശോധിച്ച് സുരക്ഷിതമാണെന്ന സർട്ടിഫിക്കറ്റ് നൽകേണ്ട ഏജൻസികൾ കേരളത്തിൽ ഇല്ലാത്തതതിനാൽ എന്തു ചെയ്യുമെന്നറിയാതെ വാഹന ഉടമകൾ ഇരുട്ടിലാണ്. ഏറ്റവും അടുത്തുള്ളത് ചെന്നൈ, ബംഗളൂരു നഗരങ്ങൾ ആയിരുന്നു. അവിടെയുള്ള കേന്ദ്രങ്ങളും ഇപ്പോൾ പ്രവർത്തന രഹിതമാണ്.
കേരളത്തിൽ സിഎൻജി എൻജിൻ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ ഇതുവരെയും ആരെയും നിയോഗിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ഷാജി മാധവൻ “രാഷ്ട്രദീപിക’യോട് പറഞ്ഞു.
നിബന്ധനക്ക് കാരണം അപകടം
കഴിഞ്ഞ 11ന് പഞ്ചാബിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ആൾട്ടോ കാർ പൊട്ടിത്തെറിച്ചതാണ് കർശന നടപടികളിലേക്ക് കടക്കാൻ പമ്പുടമകളെ നിർബന്ധിതരാക്കിയിരിക്കുന്നത്. ടാങ്കിൽ ഇന്ധനം നൽകാൻ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ അതോടെയാണ് നടപ്പിലാക്കിയതെന്ന് പമ്പുടമകൾ പറയുന്നു.
ഇന്ധന ടാങ്ക് ആന്ധ്രയിൽ കൊണ്ടുപോയി പരിശോധിച്ച് തരാമെന്ന വാഗ്ദാനവുമായി ചില ഏജൻസികൾ കൊച്ചിയിൽ ഉണ്ട്.
പക്ഷെ ഏഴായിരം രൂപയാണ് ചെലവ്. വെറും 500 രൂപ മാത്രം പരിശോധിക്കാൻ മതിയെന്നിരിക്കെ ഭീമമായ തുക എങ്ങനെ കണ്ടെത്തുമെന്നാണ് സിഎൻജി ഓട്ടോ ഡ്രൈവർമാരും കാറുടമകളും പറയുന്നത്.
മൂന്നു വർഷം കൂടുന്പോൾ പരിശോധന
ഒരു ഇന്ധന ടാങ്കിന്റെ കാലാവധി 15 മുതൽ 20 വർഷം വരെയാണ്. 36 മാസമോ (3 വർഷം ) 36,000 മൈലുകളോ കടന്നാൽ സിഎൻജി ടാങ്ക് പരിശോധനയ്ക്ക് വിധേയമാക്കണം.
എന്നാൽ ഈ പരിശോധന സേവനം നൽകുന്ന കേന്ദ്രങ്ങൾ നടപ്പിലാക്കാൻ സംസ്ഥാന സർക്കാരുകൾ മുൻകൈ എടുക്കാത്തതാണ് അന്തരീക്ഷ മലിനീകരണ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കൈകോർത്ത വാഹന ഉടമകൾക്ക് വിനയായത്.
പെട്രോൾ മോഡലിനേക്കാൾ സിഎൻജി പതിപ്പിന് 75,000 -80,000 രൂപ അധിക വില നൽകിയാണ് ഉടമകൾ കാറുകൾ സ്വന്തമാക്കുന്നത്.
ഡീസൽ പതിപ്പുകളുടെ അധിക വില പെട്രോൾ മോഡലിനെ അപേക്ഷിച്ച് 1.25 ലക്ഷം മുതൽ 1.50 ലക്ഷം രൂപയുമാണ്. അധിക തുക നൽകി വാങ്ങിയ വാഹനങ്ങളാണ് ഉടമകൾക്ക് ഇപ്പോൾ കോടാലിയായിരിക്കുന്നത്.
പരിശോധനക്ക് വാഹനങ്ങൾ നിരവധി
1990 കളിലാണ് ഡൽഹിയിൽ സിഎൻജി വാഹനങ്ങൾ വന്നത്. എന്നാൽ ഗെയിൽ പൈപ്പ് പദ്ധതി നടപ്പിലാകാൻ ദശകങ്ങൾ എടുത്തതിനാൽ സിഎൻജി കേരളത്തിൽ വരാൻ വൈകി.
സിഎൻജി വാഹനങ്ങൾ ജനകീയമാകാൻ തുടങ്ങിയിട്ട് മൂന്ന് വർഷമാകുകയാണ്.പൊതുഗതാഗത രംഗത്തുള്ള ഓട്ടോറിക്ഷകളിൽ പലതിന്റെയും കാലാവധി പൂർത്തിയാകുകയാണ്. കെഎസ്ആർടിസി ബസുകളും സിഎൻജിയിൽ ഓടുന്നുണ്ട്.
അടിയന്തിരമായി സർക്കാർ ഇടപെട്ടില്ലെങ്കിൽ ആയിരക്കണക്കിന് വാഹന ഉടമകളാണ് കഷ്ടത്തിലാകുക. സിഎൻജി ഉപയോഗം പ്രോത്സാഹിപ്പിക്കാൻ പുകപരിശോധന കേന്ദ്രങ്ങൾ പോലെ സിഎൻജി പരിശോധന കേന്ദ്രങ്ങൾ വ്യാപകമായി വരേണ്ടതുണ്ട്.
നടപടിക്രമങ്ങളുടെ നൂലാമാല
സിഎൻജി പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കാൻ നിരവധി തടസങ്ങൾ ഈ മേഖലയിലുണ്ട്. കോൽത്തയിൽനിന്നുള്ള ഏജൻസിയാണ് ആദ്യം അനുമതി നൽകേണ്ടത്. ഫാക്ടറി ആൻഡ്
ബോയ്ലേഴ്സ്, എക്സ്പ്ലോസീവ്, പെട്രോളിയം, വ്യവസായം, പരിസ്ഥിതി തുടങ്ങിയ വകുപ്പുകളുടെ അനുമതി പത്രങ്ങളും അനിവാര്യമാണ്.
നടപടിക്രമങ്ങളുടെ നൂലാമാല കാരണം ഈ രംഗത്തേക്ക് കടക്കാൻ സംരംഭകർ തയാറാകുന്നില്ല. മാത്രമല്ല കേരളത്തിൽ സ്ഥലവിലയും വളരെ കൂടുതലാണ്. സംരംഭകരെ കിട്ടുന്നില്ലെങ്കിൽ പമ്പുകൾ കേന്ദ്രീകരിച്ചു അനുമതി നൽകുകയാണ് ഉചിതമെന്നും അഭിപ്രായമുണ്ട്.