സ്വന്തം ലേഖകൻ
തൃശൂർ: വീടുകളിലേക്കു പൈപ്പുലൈൻ മുഖേന പാചകവാതകവും, വാഹനങ്ങൾക്കു പെട്രോളിനും ഡീസലിനും പകരമുള്ള പ്രകൃതിവാതക (സിഎൻജി) പന്പുകളും തൃശൂർ, പാലക്കാട് ജില്ലകളിലേക്കും. പദ്ധതി പൂർത്തിയാകാൻ എട്ടുവർഷം കാത്തിരിക്കണം. സിറ്റി ഗ്യാസിന്റെ മലബാർ മേഖലാ പ്രവർത്തനോദ്ഘാടനം ഇന്നു 2.30 നു നടക്കും.
തൃശൂർ തേക്കിൻകാട് മൈതാനിയിൽ സി.എൻ. ജയദേവൻ എംപി, കെ. രാജൻ എംഎൽഎ എന്നിവർ പങ്കെടുക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറൻസ് മുഖേനയാണ് ഉദ്ഘാടനം നിർവഹിക്കുക. കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രി ഡോ. ഹർഷ് വർധൻ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരും വീഡിയോ കോണ്‍ഫറൻസിലൂടെ പങ്കെടുക്കും.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട്, പോണ്ടിച്ചേരിയുടെ ഭാഗമായ മാഹി എന്നിവിടങ്ങളിലാണ് സിറ്റി ഗ്യാസ് പദ്ധതി തുടങ്ങുന്നത്. 17.26 ലക്ഷം ഗാർഹിക കണക്ഷനുകൾ നല്‍കാനാണു പദ്ധതി. ഇതിനു പുറമേ, അറുനൂറു പന്പുകളും ആരംഭിക്കും.
സാന്പത്തികമായി കൂടുതൽ ആദായകരം, കൂടുതൽ ഇന്ധനക്ഷമത, തടസമില്ലാത്ത ലഭ്യത, അപകടസാധ്യത കുറവ് എന്നിവയാണ് പ്രകൃതിവാതകത്തിന്റെ ആകർഷണീയത. പ്രധാന വികസിത രാജ്യങ്ങളിലെല്ലാം പാചകാവശ്യത്തിനും വാഹനങ്ങൾക്കും പ്രകൃതിവാതകമാണ് ഉപയോഗിക്കുന്നത്.
ഒന്‍പതാം റൗണ്ട് കരാറിൽ 129 ജില്ലകളുടെ കരാർ ഏറ്റെടുത്ത അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് പൈപ്പിടൽ പണികൾ ആരംഭിക്കുന്നത്. പണികളുടെ ഉദ്ഘാടനം നടക്കുന്ന ഇന്നു പത്താംറൗണ്ട് കരാർ ക്ഷണിക്കലും നടക്കും. 123 ജില്ലകളിലേക്കാണു പുതുതായി കരാർ നല്‍കുക.
പൈപ്പിടൽ അടക്കമുള്ള പണികൾക്കു കേന്ദ്ര സർക്കാരിന്റെ അനുമതിയുണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെ പ്രാദേശിക അനുമതികൂടി വേണം. അനുമതി നല്കി പദ്ധതി എത്രയും വേഗം പൂർത്തിയായാൽ ജനങ്ങൾക്കും വാഹനമുടമകൾക്കും ആനുകൂല്യം നേരത്തെ ലഭ്യമാകും.