കോട്ടയം: കോട്ടയത്തും സ്വകാര്യ ബസുകള്‍ സിഎന്‍ജി എന്‍ജിനുമായി ഓടിത്തുടങ്ങും.ഇതിനുള്ള ശ്രമങ്ങള്‍ ബസ് ഉടമകള്‍ ആരംഭിച്ചു കഴിഞ്ഞു. ഡീസല്‍ വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണു സ്വകാര്യബസുകള്‍ സിഎന്‍ജിയിലേക്ക് മാറി ചെലവു കുറയ്ക്കാന്‍ ശ്രമം നടത്തുന്നത്.
കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി അഥവ പ്രകൃതിവാതകം) പമ്പുകള്‍ നിലവില്‍ എറണാകുളത്തും തൃശൂരിലുമാണുള്ളത്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ എല്‍എന്‍ജി പമ്പുകളില്ലാത്തതിനാണ് നിലവിലെ പരിമിതി. എറണാകുളം ജില്ലയില്‍ ഇത്തരത്തില്‍ പത്തിലേറെ പമ്പുകള്‍ വന്നതോടെ 12 സ്വകാര്യ ബസുകള്‍ ജൈവ ഇന്ധനത്തിലേക്ക് മാറി.
വരുംദിവസങ്ങളില്‍ കൂടുതല്‍ ബസുകള്‍ ഇത്തരത്തില്‍ മാറും. ഒരു കിലോ സിഎന്‍ജിക്ക് 56.50 രൂപയാണു വില.ഒരു ലിറ്റര്‍ ഡീസലിന് നിലവില്‍ വില 93 രൂപയിലെത്തി.
ഡീസലിനേക്കാള്‍ മൈലേജ് കൂടുതലും പുക കുറവുമാണ് ജൈവ ഇന്ധനത്തിന്. ഒരു ബസിന് ആറു മുതല്‍ എട്ടുവരെ സിഎന്‍ജി സിലിണ്ടറുകളാണു വേണ്ടത്.
ഒരു സിലിണ്ടറിന് 25,000 രൂപ വേണ്ടിവരും. സിലിണ്ടറിനും മറ്റ് സാമഗ്രികള്‍ക്കും ജിഎസ്ടി ഉള്‍പ്പെടെ നാലര ലക്ഷത്തോളം രൂപയാണ് ചെലവ് വരിക.
നിലവിലെ വിലവ്യത്യാസം നോക്കിയാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ ചെലവ് തിരികെ ലഭിക്കും. മാത്രമമല്ല 50 കിലോ സിഎന്‍ജിയും 50 ലിറ്റര്‍ ഡീസലും തമ്മില്‍ രണ്ടായിരം രൂപയിലേറെ വ്യത്യാസമുണ്ട്.
ബസുകളുടെ ഡീസല്‍ ടാങ്കും അതിനൊടു ചേര്‍ന്നുള്ള പൈപ്പ് സംവിധാനങ്ങളും നീക്കം ചെയ്താണ് സിഎന്‍ജി സിലിണ്ടറുകള്‍ വയ്ക്കുന്നത്.
കോട്ടയം ജില്ലയില്‍ ആദ്യഘട്ടമായി ഒരു സ്വകാര്യ ബസ് സിഎന്‍ജിയിലേക്ക് വൈകാതെ മാറാനുള്ള തീരുമാനത്തിലാണ്.