ആലുവ: സംസ്ഥാനത്തെ ആദ്യത്തെ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) ഉപയോഗിച്ചോടുന്ന കെഎസ്ആർടിസി ബസ് ആലുവയിൽനിന്ന് ഇന്നു പുറപ്പെടും. ആലുവ മുട്ടത്ത് സംസ്ഥാനത്തെ ആദ്യ സിഎൻജി പമ്പ് ഇന്നു മുഖ്യമന്ത്രി പിണറായി വിജയൻ വൈകുന്നേരം നാലിന് ഉദ്ഘാടനം ചെയ്യുന്നതോടൊപ്പം ഈ ബസും ഫ്ലാഗ് ഓഫ് ചെയ്യും. 48 സീറ്റുകളുള്ള ബസിൽ 150 മുതൽ 200 കിലോമീറ്റർ വരെ യാത്ര ചെയ്യാനുള്ള ഇന്ധനമാണുണ്ടാകുക. 12.5 കിലോ ഉൾക്കൊള്ളുന്ന ആറ് സിലിണ്ടറുകൾ ബസിലുണ്ടാകും.
ആലുവ ഡിപ്പോയുടെ കീഴിൽ വരുന്ന ബസ് രാവിലെ തായിക്കാട്ടുകരയിലെ സിഎൻജി പമ്പിൽനിന്ന് വാതകം നിറച്ചു യാത്ര പുറപ്പെടും. നാല് ഡ്രൈവർമാർക്കും മൂന്ന് മെക്കാനിക്കുകൾക്കും ഐഒസിയുടെ നേതൃത്വത്തിൽ പരിശീലനം നൽകിയിട്ടുണ്ട്. വൈറ്റില-വൈറ്റില സർക്കുലറായി ഓടാനാണ് ആദ്യ തീരുമാനമെന്നറിയുന്നു.
രാത്രി ട്രിപ്പ് ആലുവ കെഎസ്ആർടിസിയിലോ ഗാരേജിലോ ആയി അവസാനിപ്പിക്കും. അതേ സമയം ബസിലെ സീറ്റുകൾ അടുത്തു പോയതായി വിലയിരുത്തുന്നുണ്ട്. സാധാരണ ബസിനേക്കാൾ ഒരു മീറ്ററോളം നീളം കുറച്ചതാണു സ്ഥലം കുറയാൻ കാരണം. മാത്രമല്ല ഒരു വാതിൽ മാത്രമേ ബസിനുള്ളൂ. അതിനാൽ യാത്രക്കാർ കയറാനും ഇറങ്ങാനും പതിവിൽ കൂടുതൽ സമയം വേണ്ടിവരും.
സിഎൻജി ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾക്കായുള്ള നാല് പമ്പുകളാണ് ഈ മേഖലയിൽ ഇന്നു മുതൽ പ്രവർത്തിച്ചു തുടങ്ങുന്നത്. ദേശീയ പാതയിൽ കെഎസ്ആർടിസി ഗാരേജിന് എതിർവശത്തായി തായിക്കാട്ടുകര, മുട്ടം എന്നിവിടങ്ങളിലും കളമശേരി, കുണ്ടന്നൂർ എന്നിവിടങ്ങളിലുമാണ് പമ്പുകൾ തയാറായിരിക്കുന്നത്.
ഇവിടെനിന്ന് ഒരു കിലോയ്ക്ക് 46 രൂപയ്ക്കാണ് വാതകം നൽകുന്നത്. സാധാരണ പമ്പുകളിൽ ചെയ്യുന്ന പോലെ സിഎൻജി സംവിധാനം ഘടിപ്പിച്ച വാഹനങ്ങൾക്ക് വാതകം നിറയ്ക്കാം. ആലുവയിൽ പമ്പിൽനിന്നു പരീക്ഷണത്തിന്റെ ഭാഗമായി നാല് കാറുകളിലും രണ്ട് ഓട്ടോറിക്ഷയിലും ഇന്നലെ വാതകം നിറച്ചു.
ആവശ്യക്കാർ സ്വന്തം വാഹനങ്ങളിൽ കൺവേർഷൻ കിറ്റുകൾ സ്ഥാപിച്ചാൽ പെട്രോളിന് പകരം സിഎൻജി ഉപയോഗിച്ച് തുടങ്ങാം. 20,000 രൂപ മുതൽ 60,000 രൂപ വരെയുള്ള കൺവേർഷൻ കിറ്റുകൾ മാർക്കറ്റിൽ ലഭ്യമാണ്. ഇരുചക്രവാഹനങ്ങൾക്കും സിഎൻജി കിറ്റ് ഉപയോഗിക്കാം. രാജ്യത്ത് ആദ്യമായി ഡൽഹിയിലാണ് സിഎൻജി വാഹനങ്ങൾ ഓടിത്തുടങ്ങിയത്.